ഓണത്തിന് നസ്രാണിയില്ല
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രമായി പ്രഖ്യാപിച്ചിരുന്ന നസ്രാണി മാറ്റിവച്ചു. ജൂലൈയില്‍ ചിത്രീകരണം തുടങ്ങാനിരുന്ന ഈ ചിത്രം പിന്നീട് തുടങ്ങാമെന്നാണ് തീരുമാനം. എപ്പോള്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല.
രഞ്ജിത്തിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന നസ്രാണി മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രമായാണ് പ്രഖ്യാപിച്ചിരുന്നത്. മമ്മൂട്ടി മധ്യകേരളത്തിലെ ഒരു പ്ലാന്ററായി അഭിനയിക്കുന്ന ചിത്രം ജൂലൈയില്‍ തുടങ്ങാനിരിക്കെയാണ് മമ്മൂട്ടി ചിത്രങ്ങളുടെ റിലീസിംഗ് ഷെഡ്യൂളില്‍ മാറ്റമുണ്ടായതും നസ്രാണിയുടെ ഷൂട്ടിംഗ് മാറ്റിവച്ചതും.
ജൂണില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന മമ്മൂട്ടി ചിത്രം ശ്യാമപ്രസാദിന്റെ ഒരേ കടല്‍ ജൂലൈ 12ന് റിലീസ് ചെയ്യുമെന്നാണ് പുതിയ പ്രഖ്യാപനം. അതോടെ ജൂലൈയില്‍ റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി-മേജര്‍ രവി ചിത്രം മിഷന്‍ 90 ഡേയ്സ് ഓണച്ചിത്രമായി തിയേറ്ററുകളിലെത്തിക്കാന്‍ തീരുമാനമായി. രണ്ട് ചിത്രങ്ങളില്‍ കൂടി മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നുണ്ടെന്നതിനാല്‍ നസ്രാണി ഉടനെ തുടങ്ങേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ഹരിഹരന്‍-എം.ടി ടീമിന്റെ പഴശിരാജയില്‍ മമ്മൂട്ടി അഭിനയിച്ചുവരികയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാവാന്‍ ഇനിയും രണ്ടു മാസം കൂടി വേണം. തമിഴിലും മലയാളത്തിലും ഒരുക്കുന്ന വന്ദേമാതരം എന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഏതാനും രംഗങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു.
അതിനിടെ എസ്.കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കാനായി മമ്മൂട്ടി ആറു ദിവസത്തെ ഡേറ്റും നല്‍കിയിട്ടുണ്ട്. ഇത്രയും ചിത്രങ്ങളുടെ തിരക്കുകള്‍ കഴിഞ്ഞ ശേഷം മതി നസ്രാണി ആരംഭിക്കുന്നതെന്നാണ് മമ്മൂട്ടിയുടെ പുതിയ തീരുമാനം.


Click it and Unblock the Notifications