ഒരു ചിത്രത്തിന് രണ്ട് രണ്ടാം ഭാഗങ്ങള്‍!
ഒരു സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ അതിനുള്ള അവകാശം യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ്? സംവിധായകനോ തിരക്കഥാകൃത്തിനോ അതോ നിര്‍മാതാവിനോ? സിനിമയുടെ കഥയിലും മറ്റുമുള്ള അവകാശത്തെ കുറിച്ച് ഒരു തര്‍ക്കം മലയാള സിനിമാലോകത്ത് നിലനില്‍ക്കുന്നണ്ട്. ആ തര്‍ക്കത്തെ സാധൂകരിക്കുന്ന വിധത്തില്‍ ഒരു ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും ആ ചിത്രത്തിന്റെ തുടര്‍ഭാഗങ്ങള്‍ സ്വന്തം നിലയില്‍ അനൗണ്‍സ് ചെയ്തിരിക്കുന്നു.
മോഹന്‍ലാല്‍ നായകനായ പഴയ കാല സൂപ്പര്‍ഹിറ്റ് ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ തുടര്‍ഭാഗങ്ങളാണ് ഇങ്ങനെ ഏറ്റുമുട്ടലിനെത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടര്‍ഭാഗമായി ഈ ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി അനൗണ്‍സ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുപതാം നൂറ്റാണ്ടിന് രണ്ടാം ഭാഗമായി ഈ നൂറ്റാണ്ട് എന്ന ചിത്രം ഒരുക്കുന്നതായി ഇരുപതാം നൂറ്റാണ്ടിന്റെ സംവിധായകന്‍ കെ.മധു പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. ചിത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ നായകന്‍ മോഹന്‍ലാലും വില്ലന്‍ സുരേഷ് ഗോപിയും അഭിനയിക്കുന്നുവെന്നതാണ് സവിശേഷത. ഇരുപതാം നൂറ്റാണ്ടില്‍ സുരേഷ് ഗോപി അവതരിപ്പിച്ച ഗോവിന്ദന്‍കുട്ടി എന്ന കഥാപാത്രത്തെ ക്ലൈമാക്സില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സാഗര്‍ അലിയാസ് ജാക്കി എന്ന കഥാപാത്രം വെടിവച്ചുകൊല്ലുന്നുണ്ടെങ്കിലും രണ്ടാം ഭാഗത്തിനായി ഗോവിന്ദന്‍കുട്ടിയെ പുനര്‍ജനിപ്പിച്ചിരിക്കുകയാണ്!
താനറിയാതെ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ഷാജി കൈലാസുമായി ചേര്‍ന്നൊരുക്കുന്നതാണ് കെ.മധുവിനെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ ഈ നൂറ്റാണ്ടെന്ന പേരില്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന് കെ.മധുവും പ്രഖ്യാപിച്ചു. ഒരു സൂപ്പര്‍താരമായിരിക്കും ചിത്രത്തിലെ നായകനെന്നാണ് പ്രഖ്യാപനം. മോഹന്‍ലാലിന് പകരം ഏത് സൂപ്പര്‍താരമാണ് ഈ നൂറ്റാണ്ടിലെ നായകനെന്ന പ്രേക്ഷകരുടെ ആകാംക്ഷ ബാക്കിയാവുന്നു.
മലയാളത്തിലുണ്ടായിട്ടുള്ള തുടര്‍ഭാഗങ്ങളില്‍ മിക്കതും ആദ്യചിത്രത്തിന്റെ സംവിധായകരും തിരക്കഥാകൃത്തുക്കളും ചേര്‍ന്നാണ് ഒരുക്കിയിട്ടുള്ളത്. നായകനായിട്ടുള്ളതും ആദ്യചിത്രത്തിലെ നടന്‍ തന്നെ. സിബിഐ സിനിമാ പരമ്പരയിലെ നാല് ചിത്രങ്ങളും ഒരുക്കിയത് കെ.മധു-എസ്.എന്‍.സ്വാമി കൂട്ടുകെട്ടാണ്. നായകനായത് മമ്മൂട്ടിയും. നാല് ചിത്രങ്ങളുടെ ഒരു സിനിമാ പരമ്പരക്ക് ഒന്നിച്ചു പ്രവര്‍ത്തിച്ച കെ.മധുവും എസ്എന്‍.സ്വാമിയുമാണ് ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ പിന്തുടര്‍ച്ചാവകാശത്തിന്റെ പേരില്‍ പോരടിക്കുന്നത്.
സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടിന്റെ മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോല്‍ പുറത്തിറങ്ങിയപ്പോള്‍ ടീമില്‍ യാതൊരു മാറ്റവുമുണ്ടായില്ല. നാടോടിക്കാറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം തന്നെയാണ് രണ്ടാം ഭാഗമായ പട്ടണപ്രവേശവും ഒരുക്കിയത്. നായകന്‍ മോഹന്‍ലാല്‍ തന്നെ. എന്നാല്‍ മൂന്നാം ഭാഗമായ അക്കരെഅക്കരെഅക്കരെയിലെത്തിയപ്പോള്‍ സംവിധായകന്റെ പേരില്‍ മാറ്റം വന്നു. സത്യന്‍ അന്തിക്കാടിന് പകരം പ്രിയദര്‍ശന്‍. സത്യന്‍ അന്തിക്കാടിന്റെ അനുവാദത്തോടെയായിരുന്നു ഈ ചിത്രമൊരുക്കിയത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മിഷണറുടെ രണ്ടാം ഭാഗമായ ഭരത്ചന്ദ്രന്‍ ഐപിഎസ് സംവിധാനം ചെയ്തത് തിരക്കഥാകൃത്തായ രഞ്ജി പണിക്കരാണ്. അതിന് ഷാജി കൈലാസിന്റെ അനുവാദമുണ്ടായിരുന്നു.
എന്നാല്‍ ഒരു ചിത്രത്തിന്റെ തുടര്‍ഭാഗത്തിന്റെ പേരില്‍ സംവിധായകനും തിരക്കഥാകൃത്തും അങ്കം കുറിക്കുന്നത് ആദ്യമാണ്. ആദ്യചിത്രത്തിലെ നായകനു പകരം രണ്ടാം ഭാഗത്തില്‍ മറ്റൊരു നായകനെ കൊണ്ടുവരുമെന്നു പ്രഖ്യാപിക്കുന്നതും ഇതാദ്യം.


Click it and Unblock the Notifications