മലയാളത്തില്‍ നിന്ന് സൂപ്പര്‍നായികമാര്‍
മലയാളത്തിലെ ടീനേജ് നായികമാര്‍ക്കും ഇനി സൂപ്പര്‍താരങ്ങളുടെ നായികമാരാവാം. സൂപ്പര്‍താരങ്ങള്‍ക്കു നായികമാരാവാന്‍ അന്യഭാഷയില്‍ നിന്ന് നടിമാരെത്തുന്നത് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും മലയാളത്തിലെ ഒന്നാം നിരയില്‍പ്പെട്ട കൗമാരനടിമാര്‍ക്കും ഇടയ്ക്ക് നായികാപദവി നല്‍കി ഒരു മാറ്റം പരീക്ഷിക്കുകയാണ് സൂപ്പര്‍താരങ്ങള്‍.
മലയാളത്തിലെ ടീനേജ് നടിമാര്‍ ഈ വര്‍ഷത്തെ നാല് സൂപ്പര്‍താര ചിത്രങ്ങളിലാണ് നായികമാരാവുന്നത്. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യചിത്രമായ ഛോട്ടാ മുംബൈയില്‍ ഭാവനയായിരുന്നു നായിക. ചിത്രീകരണം നടന്നുവരുന്ന മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം അലിഭായിയില്‍ ഗോപികയാണ് നായിക. ഇരുവരും ലാലിന്റെ നായികയാവുന്നത് ആദ്യവട്ടം.
മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് ഒരുക്കിയ ഒരേ കടലില്‍ നായിക മീരാ ജാസ്മിനാണ്. മമ്മൂട്ടിയും മീരയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഏറെ അഭിനയപ്രധാനമായ വേഷങ്ങളാണ് ഇരുവര്‍ക്കും. ജോഷി സംവിധാനം ചെയ്യുന്ന നസ്രാണിയില്‍ കാവ്യാ മാധവനാണ് മമ്മൂട്ടിയുടെ നായികയാവുന്നത്. കാവ്യ ഒരു സൂപ്പര്‍താരത്തിന്റെ നായികയാവുന്നത് ആദ്യമാണ്.
പത്മപ്രിയയെയും മീനയെയും പോലുള്ള അന്യഭാഷാ നടിമാര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികമാരാവുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായാണ് മലയാളത്തില്‍ നിന്ന് തന്നെ സൂപ്പര്‍താരങ്ങള്‍ക്ക് നായികമാരുണ്ടാവുന്നത്. അതേ സമയം അന്യഭാഷാ നടിമാരെ നായികമാരാക്കുന്ന പതിവ് മമ്മൂട്ടിയോ മോഹന്‍ലാലോ ഉപേക്ഷിച്ചിട്ടുമില്ല. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ഹലോയില്‍ അന്യഭാഷാനടി പാര്‍വതി മില്‍ട്ടണാണ് നായിക. മേജര്‍ രവിയുടെ മിഷന്‍ 90 ഡേയ്സില്‍ മമ്മൂട്ടിയുടെ നായിക ബോളിവുഡ് നടി ടുലിപ് ജോഷിയാണ്. മമ്മൂട്ടി ചിത്രങ്ങളായ പഴശിരാജയില്‍ കന്നഡ-തമിഴ് നടി കനിഹയും വന്ദേമാതരത്തില്‍ തമിഴ് നടി സ്നേഹയുമാണ് നായിക.


Click it and Unblock the Notifications