വിനോദത്തിന്റെ വിജയം
ഈ പറക്കുംതളിക, മീശ മാധവന്‍, സിഐഡി മൂസ തുടങ്ങിയ ഒരു പിടി സൂപ്പര്‍ഹിറ്റുകള്‍ ക്രെഡിറ്റിലാക്കാന്‍ ദിലീപിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ആ വിജയങ്ങളൊന്നും സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളോട് മത്സരിച്ചായിരുന്നില്ല. ഓണം, വിഷു, ക്രിസ്മസ് സീസണുകളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളോട് മത്സരിച്ച് മുന്നിലെത്താന്‍ ദിലീപിന് കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ഓണത്തിന് ഡോണ്‍ എന്ന ചിത്രവുമായി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളോട് മത്സരിക്കാനെത്തിയെങ്കിലും വിജയം വരിക്കാന്‍ ദിലീപിന് കഴിഞ്ഞില്ല. ക്ലാസ് മേറ്റ്സ് അത്ഭുതകരമായ വിജയം നേടിയപ്പോള്‍ രണ്ടാം സ്ഥാനം മോഹന്‍ലാലിന്റെ മഹാസമുദ്രത്തിനായിരുന്നു.
2005 ഓണത്തിന് സൂപ്പര്‍താര ചിത്രങ്ങളോട് മത്സരിക്കാനെത്തിയപ്പോഴാണ് ദിലീപിന് ആദ്യമായി മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരു കടുത്ത മത്സരം നല്‍കാന്‍ കഴിഞ്ഞത്. സൂപ്പര്‍ഹിറ്റായ ദിലീപിന്റെ ചാന്തുപൊട്ടിന് കളക്ഷനില്‍ മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐയെ കടത്തിവെട്ടാന്‍ കഴിഞ്ഞു. എന്നാല്‍ കളക്ഷനില്‍ ഒന്നാം സ്ഥാനം മോഹന്‍ലാലിന്റെ നരനായിരുന്നു. രണ്ടാം സ്ഥാനം കൊണ്ട് ദിലീപിന് തൃപ്തിപ്പെടേണ്ടിവന്നു.
എന്നാല്‍ ആദ്യമായി മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെ പിന്നിലാക്കി ഉത്സവസീസണില്‍ റിലീസ് ചെയ്ത ഒരു ചിത്രത്തെ മുന്നിലെത്തിക്കാന്‍ ദിലീപിന് കഴിഞ്ഞിരിക്കുന്നു. വിഷുചിത്രമായെത്തിയ ദിലീപിന്റെ വിനോദയാത്ര കളക്ഷനില്‍ മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈ, മമ്മൂട്ടി ചിത്രം ബിഗ് ബി എന്നിവയേക്കാള്‍ വ്യക്തമായ മുന്‍തൂക്കം നേടിയിട്ടുണ്ട്. ഏപ്രില്‍ 14ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോഴും മികച്ച കളക്ഷനോടെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് തുടരുന്നു.
ചാന്തുപൊട്ടിനു ശേഷം ഒരു സൂപ്പര്‍ഹിറ്റിനായി ദിലീപ് കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം തന്റെ ഒരു ചിത്രം പോലും സൂപ്പര്‍ഹിറ്റുകളുടെ പട്ടികയിലെത്തിക്കാന്‍ ദിലീപിന് കഴിഞ്ഞില്ല. ഒടുവില്‍ ആ കാത്തിരിപ്പ് സഫലമായത് ആദ്യമായി സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ നായകനായി അഭിനയിച്ചപ്പോള്‍. അതും മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെ കടത്തിവെട്ടി നേടിയ വിജയം.
ഈ അസാധാരണ വിജയം കൈവരിച്ചതിന്റെ ക്രെഡിറ്റ് ദിലീപിന് മാത്രമായി അവകാശപ്പെടാനാവുന്നതല്ല. കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന സത്യന്‍ അന്തിക്കാടിന്റെ ബ്രാന്റാണ് ഈ ചിത്രത്തിലേക്ക് കുടുംബ പ്രേക്ഷകരെ പ്രധാനമായും ആകര്‍ഷിക്കാനുള്ള കാരണം. പ്രമേയത്തില്‍ കാര്യമായ പുതുമയില്ലെങ്കിലും ഛോട്ടാ മുംബൈ, ബിഗ് ബി എന്നീ തട്ടുപൊളിപ്പന്‍ ചിത്രങ്ങളേക്കാള്‍ വിനോദയാത്ര എന്ന അന്തിക്കാടന്‍ ചിത്രത്തിന് കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. നര്‍മത്തിന്റെ മര്‍മറിയുന്ന ദിലീപിന്റെയും മുകേഷിന്റെയും രസികന്‍ നമ്പരുകളും ദിലീപ്-മീരാ ജാസ്മിന്‍ ജോഡിയുടെ രസതന്ത്രവുമെല്ലാം വിനോദയാത്രയെ വിനോദമൂല്യമുള്ള ചിത്രമാക്കി മാറ്റുകയായിരുന്നു.
ആക്ഷനും കോമഡിയുമെല്ലാം ചേര്‍ത്ത ഒരു മസാല ചിത്രമായ ഛോട്ടാ മുംബൈയാണ് കളക്ഷനില്‍ രണ്ടാമതെത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനത്താണെങ്കിലും ആക്ഷന്‍ സിനിമയില്‍ ഒരു പരീക്ഷണമായ ബിഗ് ബിയും മികച്ച കളക്ഷനാണ് നേടിയത്.


Click it and Unblock the Notifications