ലോഹിതദാസിന്റെ സാഹസം
ഒരു സംവിധായകനെന്ന നിലയില്‍ ലോഹിതദാസ് വലിയ വിജയമല്ല. ഒരു പിടി മികച്ച സിനിമകള്‍ക്ക് രചന നിര്‍വഹിച്ച ഈ തിരക്കഥാകൃത്ത് സംവിധായകന്റെ കുപ്പായമണിഞ്ഞതോടെ വിജയങ്ങളേക്കാള്‍ പരാജയങ്ങളാണ് നേരിടേണ്ടിവന്നത്. താന്‍ തിരക്കഥയെഴുതിയ സിനിമകളുടെ മികവ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമകളില്‍ നിലനിര്‍ത്താന്‍ ലോഹിതദാസിന് കഴിഞ്ഞുമില്ല.
ആദ്യചിത്രമായ ഭൂതക്കണ്ണാടി മികച്ച ചിത്രമായിരുന്നെങ്കിലും സാമ്പത്തിക വിജയമായിരുന്നില്ല. പിന്നീട് ശരാശരിയില്‍ നിന്നുയര്‍ന്ന ചിത്രങ്ങളൊരുക്കാനോ ബോക്സോഫീസില്‍ വന്‍വിജയങ്ങള്‍ സൃഷ്ടിക്കാനോ ലോഹിക്ക് കഴിഞ്ഞില്ല. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും വലിയ വിജയങ്ങളിലെത്തിക്കുന്നതില്‍ ലോഹി പരാജയപ്പെട്ടു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി ഒരുക്കിയ അരയന്നങ്ങളുടെ വീട്, കന്മദം എന്നീ ചിത്രങ്ങള്‍ ശരാശരിയില്‍ ഒതുങ്ങി.
ദിലീപ് നായകനായ ചക്കരമുത്ത്, പൃഥ്വിരാജ് നായകനായ ചക്രം തുടങ്ങിയ ചിത്രങ്ങളുടെ പരാജയം ലോഹിയുടെ കരിയറിനെ വല്ലാതെ ബാധിച്ചു. ചക്കരമുത്ത് പോലുള്ള ചിത്രങ്ങള്‍ ലോഹിയുടെ തൂലികക്ക് പഴയ കരുത്തില്ലെന്ന് തോന്നിപ്പിച്ചു. ഒരു സംവിധായകനെന്ന നിലയില്‍ ലോഹിയുടെ കരിയര്‍ഗ്രാഫ് ഏറെ താഴോട്ടുപോയിരിക്കുകയാണ്.
ഈ ഘട്ടത്തില്‍ പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി ഒരു പ്രണയചിത്രമൊരുക്കുക എന്നത് എല്ലാ തരത്തിലും ഒരു സാഹസമാണ്. ആ സാഹസത്തിനാണ് ലോഹി ഒരുങ്ങിയിരിക്കുന്നത്. പുതുമുഖങ്ങളായ വിനുമോഹന്‍, ഭാമ എന്നിവരെ നായികാനായകന്മാരാക്കി ലോഹി ഒരുക്കുന്ന നിവേദ്യം ഒരു പരീക്ഷണമാണ്. ജൂലൈ 22ന് ഈ ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ ലോഹിതദാസ് എന്ന സംവിധായകന്റെ ഇനിയുള്ള ഭാവിയായിരിക്കും നിശ്ചയിക്കപ്പെടുക.


Click it and Unblock the Notifications