അലിഭായിയുടെ നായിക നവ്യ
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രണ്ടാമതും ലഭിക്കാന്‍ സൈറ പോലുള്ള ആര്‍ട് ചിത്രങ്ങളില്‍ അഭിനയിച്ചത് സഹായിച്ചെങ്കിലും നവ്യാനായരെ കഴിഞ്ഞ ഒന്നര വര്‍ഷമായി മലയാളത്തില്‍ കണ്ടിട്ടില്ല.
കഴിഞ്ഞ വര്‍ഷം നവ്യാനായരെ മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങളിലോ വമ്പന്‍ പ്രൊജക്ടുകളിലോ നവ്യാനായരെ കണ്ടില്ല. ഈ വര്‍ഷം ആദ്യമാസങ്ങളിലും നവ്യയുടേതായി ഒരു ചിത്രം മലയാളത്തില്‍ പുറത്തിറങ്ങിയില്ല. സമപ്രായക്കാരായ കാവ്യാമാധവനും ഗോപികയും മലയാളത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് നവ്യക്ക് ഈ സ്ഥിതി നേരിടേണ്ടിവന്നത്. തമിഴിലെ തിരക്കുകളില്‍ കഴിയുന്ന മീരാ ജാസ്മിനും ഭാവനയും പോലും ഇടയ്ക്ക് മലയാള ചിത്രത്തില്‍ അഭിനയിക്കാനെത്തുമ്പോള്‍ നവ്യയ്ക്കെന്തു പറ്റിയെന്ന ചോദ്യം ആരാധകരുടെ ചുണ്ടില്‍ അവശേഷിച്ചു. പരാജയം നേരിട്ട മായക്കണ്ണാടി പോലുള്ള തമിഴ് ചിത്രങ്ങളാകട്ടെ ഗോസിപ്പുകളില്‍ നായികയാകാന്‍ ഉപകരിച്ചുവെന്നതല്ലാതെ തമിഴിലെ നവ്യയുടെ കരിയറിന് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്തുമില്ല.
നവ്യയുടെ ബന്ധുവായ സംവിധായകന്‍ കെ.മധു പോലും ഇപ്പോള്‍ നവ്യക്ക് തന്റെ ചിത്രങ്ങളില്‍ വേഷം നല്‍കുന്നില്ല. സേതുരാമയ്യര്‍ സിബിഐ, ചതുരംഗം എന്നീ സൂപ്പര്‍താര ചിത്രങ്ങളില്‍ നവ്യയെ നായികയാക്കിയ കെ.മധു തന്റെ പുതിയ ചിത്രമായ നാദിയ കൊല്ലപ്പെട്ട രാത്രിയില്‍ നായികാവേഷം നല്‍കിയിരിക്കുന്നത് കാവ്യാ മാധവനാണ്.
ഏതായാലും ഒരു ആശ്വാസമായി ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം നവ്യക്ക് മലയാളത്തിലെ ഒരു വമ്പന്‍ പ്രൊജക്ടില്‍ ഭാഗമാവാന്‍ അവസരം ലഭിച്ചിരിക്കുന്നു. അതാകട്ടെ മറ്റൊരു നടി പിന്‍മാറിയതു കൊണ്ടുമാത്രം നവ്യയെ തേടിയെത്തിയ അവസരമാണ്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന അലിഭായിയില്‍ രണ്ട് നായികമാരിലൊരാളായി പ്രിയങ്കയെയാണ് തീരുമാനിച്ചിരുന്നത്. പ്രിയങ്കക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതുകൊണ്ട് പകരം നവ്യക്ക് നറുക്ക് വീണു. അവസരങ്ങളില്ലാത്തതിനേക്കാള്‍ നല്ലതാണല്ലോ പകരക്കാരിയെങ്കിലുമാവാന്‍ കഴിയുന്നത് എന്ന ആശ്വാസത്തിലാണ് നവ്യ.
മലയാളത്തിലെ മുന്‍നിര നടിമാര്‍ക്കിടയില്‍ അവസരങ്ങളില്ലാതാവുന്ന ഏകനടിയെന്ന ദുഷ് പേര് അങ്ങനെ നവ്യ മാറ്റുകയാണ്. അലിഭായിയില്‍ മോഹന്‍ലാലിന്റെ നായികയാണ് നവ്യ വേഷമിടുന്നത്. ചതുരംഗത്തിനു ശേഷം വീണ്ടും നവ്യ മോഹന്‍ലാലിന്റെ നായികയാവുന്ന ചിത്രം.
കോഴിക്കോട് വല്യങ്ങാടിയിലെ ചുമട്ടുതൊഴിലാളികളുടെ നേതാവായ അലിഭായിയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. അലിഭായി സംരക്ഷിക്കുന്ന പൂവില്പനക്കാരിയായ പെണ്‍കുട്ടിയുടെ വേഷമാണ് നവ്യക്ക്. അലിഭായിയുടെ സംരക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടി പതുക്കെ അയാളുമായി പ്രണയത്തിലകപ്പെടുന്നു.
ചിത്രത്തിലെ മറ്റൊരു നായിക ഗോപികയാണ്. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഓണച്ചിത്രമായാണ് അലിഭായി തിയേറ്ററുകളിലെത്തുക.


Click it and Unblock the Notifications