പരീക്ഷണം നിര്‍ത്തി വീണ്ടും ദിലീപിനൊപ്പം
മീശമാധവനു ശേഷം രണ്ടു ചിത്രങ്ങളുടെ പരാജയത്തിന്റെ കയ്പ് രുചിച്ച ശേഷമാണ് ചാന്തുപൊട്ട് എന്ന സൂപ്പര്‍ഹിറ്റ് ലാല്‍ ജോസ് ഒരുക്കിയത്. ചാന്തുപൊട്ട് വന്‍വിജയം നേടിയപ്പോഴും അതിന്റെ ഹാങ്ങോവറില്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് ലക്ഷ്യത്തോടെ ഒരു പതിവു പ്രൊജക്ട് ഒരുക്കാന്‍ ലാല്‍ ജോസ് മുതിര്‍ന്നില്ല.
പകരം ലാല്‍ ജോസ് ചെയ്തത് ഒരു പരീക്ഷണ ചിത്രമാണ്. സലിംകുമാറിനെ നായനാക്കി കച്ചവട സിനിമയുടെ ചേരുവകളില്ലാതെ അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന പരീക്ഷണ ചിത്രം. ആ പരീക്ഷണത്തിന് ലാല്‍ ജോസിന് വില കൊടുക്കേണ്ടിവന്നു. നല്ല ചിത്രമെന്ന പേര് നേടിയെങ്കിലും ബോക്സോഫീസില്‍ വിജയം കണ്ടില്ല.
അച്ഛന്‍ ഉറങ്ങാത്ത വീടിനു ശേഷവും കച്ചവട സിനിമയുടെ പതിവ് വഴി മാറി നടക്കുന്നത് തുടരുകയാണ് ലാല്‍ ജോസ് ചെയ്തത്.. സൂപ്പര്‍താരങ്ങള്‍ വാഴുന്ന മലയാള സിനിമയില്‍ അഞ്ച് യുവനടന്‍മാരെ നായകരായി അണിനിരത്തി മറ്റൊരു പരീക്ഷണം. എന്നാല്‍ അപ്രതീക്ഷിതമായ സൂപ്പര്‍വിജയം നേടി ക്ലാസ് മേറ്റ്സ് മലയാളത്തിലെയും എക്കാലത്തെയും വമ്പന്‍ ഹിറ്റുകളുടെ നിരയില്‍ സ്ഥാനം പിടിച്ചു.
ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന ലാല്‍ ജോസിന്റെ അറബിക്കഥയ്ക്കും പരീക്ഷണ സ്വഭാവമുണ്ട്. നായകന്‍ ശ്രീനിവാസന്‍. നായിക ഒരു ചൈനീസ് പെണ്‍കുട്ടി. ഇങ്ങനെയൊരു ചിത്രം വിജയിക്കുമോയെന്ന് യാതൊരുറപ്പുമില്ല. സൂപ്പര്‍താരങ്ങളില്ലാതെ ഒരു സൂപ്പര്‍ഹിറ്റ് എന്ന സംഭവമാണ് ക്ലാസ് മേറ്റ്സ് സൃഷ്ടിച്ചത്. എന്നാല്‍ അത്തരമൊരു വിജയം അറബിക്കഥക്കു ആവര്‍ത്തിക്കാനാവുമോയെന്ന് പ്രവചിക്കുക അസാധ്യം.
മൂന്ന് പരീക്ഷണങ്ങള്‍ക്കു ശേഷം ലാല്‍ ജോസ് വീണ്ടും പഴയ ട്രാക്കിലേക്ക് മാറുകയാണ്. ദിലീപുമായി ചേര്‍ന്ന് ലാല്‍ ജോസ് ഒരുക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്തില്‍ ആരംഭിക്കും. മുല്ല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


Click it and Unblock the Notifications