മേക്കപ്പിനായി പരദേശി വിദ്യകള്‍
പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പരദേശിയില്‍ നായകനായ മോഹന്‍ലാല്‍ ഉള്‍പ്പെടെ പല താരങ്ങള്‍ക്കും മേക്കപ്പിലൂടെ പുതിയ രൂപഭാവങ്ങള്‍ നല്‍കാനുള്ള കടുത്ത വെല്ലുവിളിയാണ് മേക്കപ്പ്മാന്‍ പട്ടണം റഷീദിന് നേരിടേണ്ടിവന്നത്.
യുഎസില്‍ നിന്നു കൊണ്ടുവന്ന പ്രോസ്തറ്റിക് മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് മോഹന്‍ലാലിനും സിദ്ദിഖിനും ജഗതി ശ്രീകുമാറിനും ശ്വേതാ മേനോനും റഷീദ് പുതിയ രൂപഭാവങ്ങള്‍ പകര്‍ന്നത്. മോഹന്‍ലാല്‍ യുവാവായും മദ്ധ്യവയസ്കനായും വൃദ്ധനായും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ മുഴുകഷണ്ടിയായ വൃദ്ധന്റെ വേഷത്തില്‍ ലാലിനെ അവതരിപ്പിക്കാന്‍ പൂര്‍ണമായും പ്രോസ്തറ്റിക് മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് മേക്കപ്പ് നടത്തിയത്. ഇതിനു മുമ്പ് പൂര്‍ണമായും പ്രോസ്തറ്റിക് മെറ്റീരിയലുകള്‍ ഉപയോഗിച്ച് മേക്കപ്പ് നടത്തിയത് കല്യാണരാമനില്‍ ദിലീപിനു വേണ്ടിയാണ്.
പ്രോസ്തറ്റിക് മെറ്റീരിയലുകള്‍ കുറഞ്ഞ അളവിലേ ഉപയോഗിച്ചുള്ളൂവെങ്കിലും ജഗതി ശ്രീകുമാറിനും സമ്പൂര്‍ണമായ മാറ്റമാണ് മേക്കപ്പിലൂടെ വരുത്തിയിരിക്കുന്നത്. ജഗതിയും സിദ്ദിഖും ശ്വേതാമേനോനും അവതരിപ്പിക്കുന്ന വൃദ്ധവേഷങ്ങള്‍ മേക്കപ്പ്മാനായ റഷീദിന്റെ കരവിരുതാണ് വെളിവാക്കുന്നത്.
മേക്കപ്പിനു വേണ്ടി വന്‍തുക ചെലവിട്ടാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വൃദ്ധനായ വലിയകത്തു മൂസയുടെ വിശാലമായ കഷണ്ടിക്കായി പ്രോസ്തറ്റിക് ക്യാപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ദിവസം മാത്രം ഉപയോഗിക്കാന്‍ കഴിയുന്നവയാണ് ഇവ. പ്രോസ്തറ്റിക് ക്യാപ്പുകള്‍ക്ക് മാത്രമായി മൂന്ന് ലക്ഷം രൂപയാണ് വിനിയോഗിച്ചത്.


Click it and Unblock the Notifications











