ചലച്ചിത്ര താരം നിത്യാ ദാസ് വിവാഹിതയായി
ഗുരുവായൂര്‍ : നടി നിത്യാദാസിന് കണ്ണന്‍റെ തിരുനടയില്‍ പ്രണയസാഫല്യം. സിനിമ നടി നിത്യ ദാസും ജമ്മുകശ്മീര്‍ സ്വദേശിയായ അരവിന്ദ്സിങ് ജംവാലും ഞായറാഴ്ച ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതരായി.
ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ചെന്നൈ ഡിവിഷനില്‍ ഉദ്യോഗസ്ഥനായ അരവിന്ദും നിത്യയും പ്രണയത്തിലായിട്ട് രണ്ട് വര്‍ഷമായി. 2005 ഡിസംബറില്‍ ചെന്നൈയില്‍ നിന്നും കരിപ്പൂരിലേക്കുളള ആകാശയാത്രയിലാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത് . പിന്നീട് പരിചയം പ്രണയമായി വളരുകയായിരുന്നു.
ഭാഷയും സംസ്കാരവും വ്യത്യസ്‌തമായതിനാല്‍ നിത്യയുടെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തു. എന്നാല്‍ അരവിന്ദിനെ പരിചയപ്പെട്ടതോടെ വീട്ടുകാര്‍ക്ക് സമ്മതമായി. രണ്ട് പേരുടെയും ജാതകം നോക്കിയാണ് വിവാഹവും തീയതിയും നിശ്ചയിച്ചത്. ജമ്മുസ്വദേശിയായ ബല്‍വിന്ത് സിങ് ജംവാലിന്റെയും ഭോപ്പാല്‍ സ്വദേശി സുനിതയുടെയും മകനാണ് അരവിന്ദ്.
കുന്നമംഗലം തത്വമസിയില്‍ റിട്ട.എസ്‌ഐ എ.മോഹന്‍ദാസ് നായരുടെയും വാസന്തിയുടെയും മകളാണ് നിത്യ ദാസ്. വധൂവരന്മാരുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ 11.30നായിരുന്നു വിവാഹം. വിവാഹശേഷം വധൂവരന്മാര്‍ കോഴിക്കോട്ടേക്ക് പോയി. അടുത്ത ദിവസംതന്നെ നിത്യയും അരവിന്ദും ജമ്മുകശ്മീരിലേക്ക് തിരിക്കും. മഞ്ജുവാര്യര്‍, സംയുക്തവര്‍മ്മ, നവ്യാനായര്‍ തുടങ്ങിയവര്‍ കല്യാണത്തിന് എത്തിയിരുന്നു


Click it and Unblock the Notifications