നസ്രാണിയുടെ നായികയാവാന്‍ കാവ്യയില്ല
മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുക എന്ന സ്വപ്നം കാവ്യാ മാധവന്‍ തത്കാലം ഉപേക്ഷിക്കുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന നസ്രാണി എന്ന ചിത്രത്തിലെ നായികാവേഷം കാവ്യാ മാധവന്‍ വേണ്ടെന്നുവച്ചു.
ചിത്രത്തിലെ തന്റെ വേഷത്തിന് മറ്റൊരു സ്ത്രീ കഥാപാത്രത്തേക്കാള്‍ പ്രാധാന്യം കുറവാണെന്ന് കാവ്യക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പിന്മാറ്റം. ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ടെന്ന് നേരത്തെ തന്നോട് പറഞ്ഞിരുന്നില്ലെന്ന് കാവ്യ പരിഭവിക്കുന്നു.
ഇത്തരം വേഷങ്ങള്‍ താന്‍ നേരത്തെ ചെയ്തിട്ടുള്ളതാണെന്നും നായികയെന്ന നിലയില്‍ ഇനിയത്തരം വേഷങ്ങള്‍ സ്വീകരിക്കേണ്ടെന്നാണ് തന്റെ തീരുമാനമെന്നും കാവ്യ പറഞ്ഞു. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാന്‍ മറ്റൊരു അവസരം ലഭിക്കുമെന്നാണ് ഇനി കാവ്യയുടെ പ്രതീക്ഷ. നസ്രാണിയില്‍ അഭിനയിക്കുന്നതിനു വാങ്ങിയ അഡ്വാന്‍സ് തുക കാവ്യ മടക്കിക്കൊടുത്തു.
ചിത്രത്തില്‍ കാവ്യക്ക് നല്‍കിയിരുന്ന കഥാപാത്രത്തേക്കാള്‍ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നത് വിമലാരാമനാണ്. വടക്കുംനാഥനില്‍ ഇതുപോലെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോളും മറ്റൊരു നായികയുടെ സാന്നിദ്ധ്യത്തില്‍ കാവ്യയുടെ വേഷം അപ്രധാനമാവുകയായിരുന്നു. വടക്കുംനാഥനില്‍ മോഹന്‍ലാലിന്റെ സഹോദരിയായി കാവ്യ അഭിനയിച്ചപ്പോള്‍ നായിക പത്മപ്രിയയായിരുന്നു.
നസ്രാണിയില്‍ കാവ്യക്ക് ലഭിച്ചത് അത്തരമൊരു ഉപനായികാവേഷമല്ല. മമ്മൂട്ടിയുടെ നായികയാവാനുള്ള അവസരം തന്നെയാണ് ലഭിച്ചത്. എന്നാല്‍ വിമലാരാമന്റെ കഥാപാത്രത്തിന് തന്റെ കഥാപാത്രത്തേക്കാള്‍ പ്രാധാന്യമുണ്ടെന്ന് മനസിലാക്കിയപ്പോള്‍ മമ്മൂട്ടിയുടെ നായികയായാലും ആ വേഷം വേണ്ടെന്നുവയ്ക്കാനുള്ള തീരുമാനത്തിലാണ് കാവ്യ.
രണ്ട് നായികമാരുള്ള ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ നടിമാര്‍ ബഹളം വയ്ക്കുന്നത് സാധാരണമാണ്. ഗ്രാമഫോണ്‍ എന്ന ചിത്രം പുറത്തിറങ്ങിയതിനു ശേഷം നായികയായ മീരാ ജാസ്മിനേക്കാള്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറവാണെന്നതിന്റെ പേരില്‍ നവ്യാ നായര്‍ സംവിധായകനെതിരെ തിരിഞ്ഞിരുന്നു. ഏതായാലും സിനിമ പുറത്തിറങ്ങിയതിനു ശേഷം ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതിനേക്കാള്‍ നല്ലത് കാവ്യയെ പോലെ കഥാപാത്രത്തെ കുറിച്ച് ആദ്യമേ ചോദിച്ചറിഞ്ഞ് താത്പര്യമില്ലെങ്കില്‍ പിന്‍മാറുന്നതാണ്.
മമ്മൂട്ടിയോടൊപ്പം അപരിചിതന്‍, രാക്ഷസരാജാവ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ നായികയാവുന്നതിനുള്ള ആദ്യത്തെ അവസരമാണ് നസ്രാണിയിലൂടെ കാവ്യക്ക് ലഭിച്ചത്. പക്ഷേ മറ്റൊരു നായികയുണ്ടെന്നതിന്റെ പേരില്‍ കാവ്യ ആ വേഷം ഉപേക്ഷിക്കുന്നു. ഇനിയെന്നെങ്കിലും കാവ്യക്ക് മമ്മൂട്ടിയുടെ നായികയാവാന്‍ കഴിയുമോ?


Click it and Unblock the Notifications