അഴിമതി ഏജന്റായി സുരേഷ് ഗോപി
എന്ത് അഴിമതി നടത്തുന്നതിനും കിച്ചാമണിയെ സമീപിച്ചാല്‍ മതി. ഉദ്യോഗസ്ഥരെ കൈക്കൂലി കൊടുത്ത് പാട്ടിലാക്കി കാര്യം സാധിച്ചെടുക്കുന്നതിന് കിച്ചാമണി എംബിഎയെ പോലെ സമര്‍ത്ഥനായ മറ്റൊരാളുണ്ടാകില്ല. കാര്യം നടത്തിക്കൊടുക്കുന്നതിന് കിച്ചാമണി നല്ലൊരു തുക കൈവശപ്പെടുത്തുമെന്നു മാത്രം.
എംബിഎ ഡിഗ്രിയെടുത്തതിനു ശേഷം അഴിമതി ഏജന്റായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചയാളാണ് കിച്ചാമണി എന്ന് തെറ്റിദ്ധരിക്കേണ്ട. കിച്ചാമണി വാലായി കൊണ്ടുനടക്കുന്ന എംബിഎയുടെ അര്‍ത്ഥം മെമ്പര്‍ ഒഫ് ബാച്ചിലേഴ്സ് അസോസിയേഷന്‍ എന്നാണ്. പേര് പോലെ തന്നെ വിചിത്രമാണ് കിച്ചാമണിയുടെ രീതികള്‍.
കിച്ചാമണി എംബിഎ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മായാവിയില്‍ മമ്മൂട്ടി അവതരിപ്പിച്ച മഹി ഐഎഎസ് (ഇരുട്ട് അടി സര്‍വീസ്) എന്ന കഥാപാത്രത്തെ പോലെ കിച്ചാമണി എംബിഎയും പ്രേക്ഷകര്‍ക്ക് രസിക്കുന്ന മാനറിസങ്ങളോടെയാണ് പ്രത്യക്ഷപ്പെടുന്നത്.
നവാഗതനായ സമദ് മങ്കടയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നവ്യാ നായരാണ് ചിത്രത്തിലെ നായിക. സുരേഷ് ഗോപിയുടെ നായികയായി നവ്യ അഭിനയിക്കുന്നത് ആദ്യമായാണ്. ചിത്രത്തിലെ മറ്റൊരു നായിക പ്രിയങ്കയാണ്.
കൊച്ചിയില്‍ ചിത്രീകരണം നടന്നുവരുന്ന കിച്ചാമണി എംബിഎ ആഗസ്ത് മൂന്നാം വാരം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications