ഹരിശ്രീ അശോകന്‍ കോമഡി മതിയാക്കിയോ?
ആകാശം എന്ന ചിത്രത്തില്‍ താടിയില്ലാത്ത ഹരിശ്രീ അശോകനെ കാണാം. താടിയില്ലാതെ ഹരിശ്രീ അശോകന്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യം. സ്ഥിരം കോമഡി വേഷങ്ങളില്‍ നിന്നു മാറി ഗൗരവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ആദ്യം.
ഇതിനു മുമ്പ് കോമഡി വേഷങ്ങളില്‍ നിന്ന് മാറി ഗൗരവമുള്ള വേഷങ്ങള്‍ ചെയ്ത മറ്റൊരു നടന്‍ സലിംകുമാറായിരുന്നു. ഗ്രാമഫോണ്‍, പെരുമഴക്കാലം, അച്ഛനുറങ്ങാത്ത വീട് എന്നീ ചിത്രങ്ങളില്‍ ഗൗരവമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനുമായി.
ഹരിശ്രീ അശോകനും സലിംകുമാറിന്റെ വഴിയേയാണോ? കുസൃതി എന്ന ചിത്രത്തിനു ശേഷം അശോകന്‍ നായകനാവുന്ന രണ്ടാമത്തെ ചിത്രമാണ് ആകാശം. അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ മാനസിക വിഭ്രാന്തിയിലെത്തിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വേഷമാണ് ആകാശത്തില്‍ അവതരിപ്പിച്ചത്. ആകാശത്തിനു ശേഷം മറ്റൊരു ചിത്രത്തില്‍ക്കൂടി അശോകന്‍ നായകനാവുന്നു. ഈ ചിത്രത്തിലും ഗൗരവമുള്ള കഥാപാത്രത്തെയാണ് അശോകന്‍ അവതരിപ്പിക്കുന്നത്.
ജി.ആര്‍.ഇന്ദുഗോപന്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കയ്യന്‍ എന്ന ചിത്രത്തിലാണ് ഹരിശ്രീ അശോകന്‍ ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. ഒറ്റക്കയ്യന്‍ വാസു എന്ന കഥാപാത്രത്തെയാണ് അശോകന്‍ അവതരിപ്പിക്കുന്നത്. നേരത്തെ ശ്രീനിവാസനെയാണ് ഈ കഥാപാത്രം ചെയ്യാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ശ്രീനിയുടെ തിരക്കുകള്‍ കാരണം ഹരിശ്രീ അശോകന് ഈ വേഷം നല്‍കുയായിരുന്നു.
കിണറു കുഴിക്കലാണ് ഒറ്റക്കയ്യന്‍ വാസുവിന്റെ ജോലി. വാസുവിന്റെ ഭാര്യയുടെ അച്ഛന് മറവിരോഗം പിടിപെട്ടിരിക്കുകയാണ്. മരുമകന്‍ തന്നെ ആക്രമിക്കാന്‍ വരുന്നുവെന്ന തോന്നലാണ് അയാള്‍ക്ക് ഏത് സമയത്തും. കൊല്ലനായ അയാള്‍ ഉണ്ടാക്കിയ കൈത്തോക്ക് എപ്പോഴും അയാളുടെ കൈയെത്തും ദൂരത്തുണ്ടാവും. അതുകൊണ്ടു തന്നെ വാസുവിന് അയാളുടെ കണ്ണുവെട്ടിച്ചേ നടക്കാന്‍ പറ്റൂ.
മൂന്നുദിവസം മുമ്പാണ് വാസു വീടു വിട്ടുപോയത്. അയാളെയും കാത്തിരിക്കുകയാണ് ഭാര്യ. മൂന്നാം ദിവസം രാത്രി വാസു വീട്ടില്‍ തിരികെയെത്തുന്നു. ഈ സമയം തീവ്രവാദികളായ രണ്ട് ചെറുപ്പക്കാര്‍ ആ പ്രദേശത്തെത്തിപ്പെടുന്നു. അവര്‍ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലാണ്. തുടര്‍ന്നുള്ള രണ്ടു മണിക്കൂര്‍ നേരം നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തില്‍ ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങളുടെ ദൈര്‍ഘ്യം തന്നെയാണ് സിനിമയുടെയും ദൈര്‍ഘ്യം. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യം തന്നെയാണ് ചിത്രത്തിനുമുള്ളത്.
വാസുവിന്റെ അമ്മായിഅപ്പനായി അഭിനയിക്കുന്നത് ടി.ജി.രവിയാണ്. ഭാര്യയായി ടിവി അവതാരക റാണി ബാബു വേഷമിടുന്നു. തീവ്രവാദികളായ ചെറുപ്പക്കാരായി വേഷമിടുന്നത് അരുണും അശോകനുമാണ്.
ചിത്രത്തിലെ ഗാനങ്ങളും തിരക്കഥയും രചിച്ചിരിക്കുന്നത് ഇന്ദുഗോപനാണ്. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്‍.


Click it and Unblock the Notifications