twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ എന്തിന് വീണ്ടും മീശ പിരിക്കുന്നു?

    By Staff
    |

    ഈ വര്‍ഷത്തെ ഓണച്ചിത്രമായി കൊട്ടിഘോഷിച്ചെത്തുന്ന ഷാജി കൈലാസിന്റെ അലിഭായി എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വീണ്ടും മീശ പിരിച്ച മോഹന്‍ലാലിനെ കാണാം. പിരിച്ചുവച്ച മീശയും മുകളിലത്തെ ബട്ടനുകള്‍ തുറന്നിട്ട നിലയിലുള്ള കടുംനിറത്തിലുള്ള ഷര്‍ട്ടും മടക്കിക്കുത്തിയ മുണ്ടുമായി പഞ്ച് ഡയലോഗുകള്‍ ഉരുവിട്ടും തല്ല് കൊടുത്തും ശത്രുക്കളെ അടിച്ചൊതുക്കുന്ന ആ അതിമാനുഷന്‍ വീണ്ടുമെത്തുകയാണ്. തിയേറ്ററുകളിലെ ആഘോഷാരവങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ കൂടി ബോക്സോഫീസ് കീഴടക്കി വന്‍വിജയം കൊയ്യാന്‍.

    ലാല്‍ മീശ പിരിച്ച് മുണ്ടു മടക്കുകുത്തി കാല്‍ പൊക്കിയടിച്ചാല്‍ (മുണ്ടു മടക്കിക്കുത്തി കാല്‍ പൊക്കിയടിക്കുന്നത് ഒരു രസം തന്നെയല്ലേ എന്നാണ് ഒരു അഭിമുഖത്തില്‍ ലാല്‍ തന്നെ പറഞ്ഞത്) ആരാധകര്‍ ഹരം മൂത്ത് ഈ പരാക്രമം കാണാന്‍ തിയേറ്ററുകളില്‍ വീണ്ടും വീണ്ടുമെത്തുമെന്നും സിനിമ വന്‍വിജയമാകുമെന്നുമുള്ള സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ലാല്‍ ഈ ആത്മാനുകരണം തുടരുന്നത്. ആരാധകരെ ലക്ഷ്യം വച്ചുള്ള എല്ലാ വിനോദഘടകങ്ങളും ചേര്‍ന്ന ചിത്രമെന്നാണ് അലിഭായിയെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വിശേഷിപ്പിക്കുന്നത്. ആരാധകരെ ലക്ഷ്യം വച്ച് ലാല്‍ മീശ പിരിച്ച ചിത്രങ്ങളില്‍ എത്രയെണ്ണം വിജയിച്ചിട്ടുണ്ട്?

    അര ഡസനിലേറെ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ ഇത്തരം വേഷങ്ങള്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. സ്ഫടികം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു, പ്രജ, ഒന്നാമന്‍, താണ്ഡവം, നാട്ടുരാജാവ്, ഉടയോന്‍, നരന്‍.. ആരാധകരുടെ ആവേശമുയര്‍ത്താന്‍ അതിമാനുഷ പരാക്രമങ്ങളുമായി ലാല്‍ താണ്ഡവമാടുന്ന ചിത്രങ്ങള്‍. ഇവയില്‍ ചില ചിത്രങ്ങള്‍ വന്‍വിജയം വരിച്ചപ്പോള്‍ ചില ചിത്രങ്ങള്‍ നിര്‍മാതാക്കളുടെ കൈ പൊള്ളിച്ചു. സ്ഫടികം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു, നരന്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നെങ്കില്‍ പ്രജ, ഒന്നാമന്‍, താണ്ഡവം, നാട്ടുരാജാവ്, ഉടയോന്‍ എന്നീ ചിത്രങ്ങള്‍ പരാജയങ്ങളായി.

    ലാലിനെ മീശ പിരിപ്പിച്ച് അതിമാനുഷ വേഷം കെട്ടിക്കുക എന്ന ഫോര്‍മുലക്ക് വിജയസാധ്യത അമ്പത് ശതമാനം മാത്രമാണെന്ന് ഈ ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനം വ്യക്തമാക്കുന്നു. അഞ്ച് ചിത്രങ്ങള്‍ വിജയം കണ്ടപ്പോള്‍ അത്രയുമെണ്ണം ചിത്രങ്ങള്‍ ബോക്സോഫീസില്‍ മൂക്കും കുത്തി വീണു.

    ഈ ചിത്രങ്ങളില്‍ ആറാം തമ്പുരാനും നരസിംഹവും സംവിധാനം ചെയ്ത ഷാജി കൈലാസ് തന്നെയാണ് താണ്ഡവവും നാട്ടുരാജാവും ഒരുക്കിയത്. ആ ജനുസില്‍ പെട്ട ഒരു ചിത്രം കൂടി ഷാജി കൈലാസ് ഒരുക്കുമ്പോള്‍ ആ ചിത്രത്തിന്റെ വിധിയെന്താവും?

    നാട്ടുരാജാവിന് തിരക്കഥയെഴുതിയ ടി.എ. ഷാഹിദാണ് അലിഭായിക്കും തിരക്കഥയൊരുക്കുന്നത്. ഈ ഗണത്തില്‍പ്പെട്ട ഒടുവിലത്തെ ചിത്രമായ നരന്‍ വന്‍വിജയമായിരുന്നു. ശക്തമായ കഥയോ ഭദ്രതയുള്ള തിരക്കഥയോ ഇല്ലാതിരുന്നിട്ടും വിജയിച്ച നരന്‍ ഒരിക്കല്‍ക്കൂടി അതിമാനുഷ വേഷം കെട്ടാന്‍ ലാലിനെ പ്രേരിപ്പിച്ചിരിക്കണം. നരനും മറ്റൊരു ഓണക്കാലത്ത് തിയേറ്ററുകളിലെത്തി വിജയം കൊയ്ത ചിത്രമാണ്. അലിഭായ് ആ വിജയം ആവര്‍ത്തിക്കുമോ?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X