വിമലയുടെ ബെസ്റ്റ് ടൈം
ടൈം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി വിമലാ രാമന് എന്തുകൊണ്ടും ഇപ്പോള്‍ ബെസ്റ്റ് ടൈം തന്നെ. ബാലചന്ദറിന്റെ പൊയ് എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ച വിമലയ്ക്ക് അവിടെ സമയം തെളിഞ്ഞില്ലെങ്കിലും കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇപ്പോള്‍ ആസ്ത്രേല്യയില്‍ നിന്നെത്തിയ ഈ തമിഴ് സുന്ദരി.
വിമലാ രാമന്റെ രണ്ടു മലയാള ചിത്രങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു- സുരേഷ് ഗോപി നായകനായ ടൈം, പ്രണയകഥ പറയുന്ന ചിത്രത്തില്‍ പ്രണയിനിയായി വിമല പ്രത്യക്ഷപ്പെടുന്ന പ്രണയകാലം. ജയറാം നായകനായ സൂര്യന്‍ പ്രദര്‍ശത്തിനൊരുങ്ങിക്കഴിഞ്ഞു.
മലയാളത്തിലെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ച വിമലാ രാമന്‍ അടുത്ത മൂന്ന് ചിത്രങ്ങളില്‍ കൂടി കരാറായി കഴിഞ്ഞു. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ആദ്യവര്‍ഷം തന്നെ അരഡസന്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മറ്റൊരു നടിക്കും അവസരം ലഭിച്ചിട്ടില്ല.
സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായി അഭിനയിച്ച വിമലാ രാമന്‍ ജോഷി സംവിധാനം ചെയ്യുന്ന നസ്രാണിയില്‍ മമ്മൂട്ടിയോടൊപ്പമാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ രണ്ടു നായികമാരിലൊരാളാണ് വിമലാരാമന്‍. രണ്ടു നായികമാരില്‍ കൂടുതല്‍ പ്രാധാന്യം വിമലയുടെ കഥാപാത്രത്തിനു തന്നെ. ഇതിന്റെ പേരിലാണ് മറ്റൊരു നായികയായി അഭിനയിക്കാമെന്നേറ്റിരുന്ന കാവ്യാ മാധവന്‍ നസ്രാണിയില്‍ നിന്നു പിന്‍മാറിയത്.
കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, മണിക്കുട്ടന്‍ എന്നീ യുവതാരങ്ങളെ അണിനിരത്തി വിനയന്‍ ഒരുക്കുന്ന ചിത്രത്തിലും വിമലാരാമനാണ് നായിക. ഒരേ സമയം സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും നായികയാവാനുള്ള അവസരങ്ങളാണ് വിമലയ്ക്ക് ലഭിക്കുന്നത്. ടൈമിലും സൂര്യനിലും നസ്രാണിയിലും സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കുന്ന വിമല പ്രണയകാലത്തിലും വിനയന്‍ ചിത്രത്തിലും യുവതാരങ്ങളുടെ നായികയായാണ് പ്രത്യക്ഷപ്പെടുന്നത്.
ബ്ലെസ്സി സംവിധാനം ചെയ്യുന്ന കല്‍ക്കട്ടാ ന്യൂസില്‍ ഒരു പ്രധാന കഥാപാത്രത്തെ വിമല അവതരിപ്പിക്കുന്നുണ്ട്. ദിലീപും മീരാ ജാസ്മിനും നായികാനായകന്‍മാരാവുന്ന ചിത്രമാണ് കല്‍ക്കട്ടാ ന്യൂസ്.


Click it and Unblock the Notifications