twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവതാര തരംഗം തിരിച്ചെത്തുന്നു?

    By Super
    |

    മലയാള സിനിമയിലെ സൂപ്പര്‍താരാധിപത്യത്തെ വെല്ലുവിളിച്ചു നേടിയ വിജയമായിരുന്നു ക്ലാസ് മേറ്റ്സിന്റേത്. സൂപ്പര്‍താര ചിത്രങ്ങളെ കടത്തിവെട്ടി യുവതാരങ്ങള്‍ നായകരായ ക്ലാസ് മേറ്റ്സ് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയം നേടിയപ്പോള്‍ ഫോര്‍മുലകള്‍ക്കൊപ്പിച്ച് സൂപ്പര്‍താരങ്ങള്‍ക്കായി സിനിമകള്‍ പടച്ചുവിടുന്നവരുടെ ഭാവനാരാഹിത്യത്തെയാണ് അത് ‍ഞെട്ടിപ്പിച്ചത്.

    യുവതാര ചിത്രങ്ങള്‍ക്കു മാര്‍ക്കറ്റില്ലെന്ന സിനിമാ വ്യവസായ രംഗത്തെ മുന്‍വിധിയെയാണ് ക്ലാസ് മേറ്റ്സ് തകര്‍ത്തത്. അതേ സമയം സ്ഥിരം ഫോര്‍മുലകളില്‍ നിന്ന് വ്യത്യസ്തമായ ഒരു ചിത്രം വിജയിച്ചാല്‍ ആ ചിത്രത്തിന്റെ ശൈലി പിന്തുടര്‍ന്ന സിനിമകള്‍ പടച്ചുവിടുന്ന പതിവ് ക്ലാസ് മേറ്റ്സിന്റെ വിജയത്തിനു ശേഷം ആരും പിന്തുടര്‍ന്നു കണ്ടുമില്ല.

    ഫോര്‍ ദി പീപ്പിള്‍ പോലുള്ള ചിത്രങ്ങള്‍ വിജയിച്ചപ്പോള്‍ യുവതാരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി ഒരു പിടി സിനിമകളാണ് ഇവിടെയുണ്ടായത്. അവയൊന്നും വിജയം കണ്ടില്ല. ഇടക്കാലത്ത് മലയാളത്തില്‍ നിലനിന്ന യുവതാര തരംഗം അതോടെ അസ്തമിക്കുകയും ചെയ്തു. സൂപ്പര്‍താരാധിപത്യം പൂര്‍വാധികം ശക്തിയോടെ മലയാളത്തില്‍ തിരിച്ചെത്തി. ഒന്നോ രണ്ടോ നടന്‍മാരെ ഒഴിച്ചുനിര്‍ത്തിയാല്‍ യുവതാരങ്ങള്‍ക്ക് അവസരങ്ങളില്ലാതായി.

    ക്ലാസ് മേറ്റ്സ് നേടിയ വന്‍വിജയത്തോടെ യുവതാരങ്ങളെ അണിനിരത്തി മുമ്പത്തേതു പോലെ ഡസന്‍ കണക്കിന് സിനിമകള്‍ പടച്ചുവിടുന്ന കലാപരിപാടി ആവര്‍‍ത്തിക്കപ്പെട്ടില്ലെങ്കിലും ആ ചിത്രം യുവതാരങ്ങള്‍ക്ക് നല്‍കിയ ഊര്‍ജം ചെറുതല്ല. പുതിയ യുവതാര ചിത്രങ്ങള്‍ ഒരുക്കാന്‍ സംവിധായകര്‍ മുന്നോട്ടുവരുന്നത് ആ ഊര്‍ജം മലയാള സിനിമാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

    കാമ്പസിന്റെയും കോണ്‍വെന്റെ സ്കൂളുകളുടെയും പശ്ചാത്തലത്തില്‍ പുതിയ ചിത്രങ്ങളൊരുക്കാന്‍ പ്രമുഖ സംവിധായകര്‍ തന്നെ ധൈര്യപ്പെടുന്നത് റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട്ബുക്കിലും കമലിന്റെ ഗോളിലും നാം കണ്ടു. നരേനെ നായകനാക്കി ഒരു വിഷുച്ചിത്രമൊരുക്കാന്‍ ലാലിനെ പോലെ മലയാളത്തിലെ മുന്‍നിര നിര്‍മാതാവ് തയ്യാറായി. യുവതാര ചിത്രങ്ങള്‍ തുടര്‍ന്നും മലയാളത്തില്‍ ഒരുങ്ങുന്നു. ഇടക്കാലത്ത് സിനിമാ രംഗത്തു നിന്ന് വിട്ടുനിന്ന കുഞ്ചാക്കോ ബോബന്‍ മുതല്‍ ലോഹിതദാസ് കണ്ടെത്തിയ പുതുമുഖങ്ങള്‍ വരെ ഈ ചിത്രങ്ങളില്‍ അണിനിരക്കുന്നു.

    ക്ലാസ് മേറ്റ്സിന്റെ നിര്‍മാതാക്കള്‍ നിര്‍മിക്കുന്ന പുതിയ ചിത്രവും കാമ്പസ് പശ്ചാത്തലത്തിലുള്ളതാണ്. ചോക്ലേറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും നായകന്‍ പൃഥ്വിരാജാണ്. ജയസൂര്യയും ഒരു പ്രധാനവേഷത്തിലെത്തുന്നു. റോമ, സംവൃത, രമ്യാ നമ്പീശന്‍ എന്നീ ടീനേജ് താരങ്ങളാണ് നായികമാര്‍. മായാവി, തൊമ്മനും മക്കളും എന്നീ സൂപ്പര്‍താര ചിത്രങ്ങളിലൂടെ വന്‍വിജയങ്ങളൊരുക്കിയ ഷാഫിയാണ് ഈ കാമ്പസ് ചിത്രമൊരുക്കുന്നത്.

    ക്ലാസ് മേറ്റ്സിലെ പ്രധാന താരങ്ങളിലൊരാളായ ഇന്ദ്രജിത്ത് നായകനാവുന്ന ഹാര്‍ട്ട് ബീറ്റ്സ് എന്ന ചിത്രം മെഡിക്കല്‍ കോളജിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സിമ്രാന്‍ നായികയാവുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍ യുവതാരങ്ങളായ ഗോവിന്ദന്‍കുട്ടി, മണിക്കുട്ടന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ്.

    വിനയന്റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മണിക്കുട്ടന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കുഞ്ചാക്കോ ബോബന്‍ ഒരു ഇടവേളക്കു ശേഷം തിരിച്ചെത്തുമ്പോള്‍ അത് മലയാളത്തില്‍ വീണ്ടും യുവതാരങ്ങള്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നുവെന്നതിന്റെ സൂചനയാണ്.

    ലോഹിതദാസ് സംവിധാനം ചെയ്യുന്ന നിവേദ്യം എന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ വിനു മോഹനും ഭാമയുമാണ് നായികാനായകന്‍മാര്‍. പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി മറ്റൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് ലോഹി ഈ ചിത്രത്തിലൂടെ.

    പന്തയക്കോഴിക്കു ശേഷം വീണ്ടും നായകനാവാനുള്ള അവസരം നരേനെ തേടിയെത്തി. നവാഗതനായ എബി എബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നരേന്‍ നായകനാകുന്നത്.

    പൃഥ്വിരാജും കുഞ്ചാക്കോ ബോബനും നരേനുമെല്ലാ മലയാളത്തില്‍ വീണ്ടും ഒരു യുവതാര തരംഗം തിരിച്ചുകൊണ്ടുവരികയാണോ? ഈ ചിത്രങ്ങളില്‍ ഒന്നോ രണ്ടോ ചിത്രം വിജയം കണ്ടാല്‍ സൂപ്പര്‍താര വാഴ്ചയ്ക്കിടയിലും മലയാളത്തില്‍ യുവതാര ചിത്രങ്ങളുടെ ഒരു ധാര ശക്തമായി നിലനില്‍ക്കുന്നതിന് അത് വഴിയൊരുക്കും.

    Read more about: prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X