ഇക്കുറി സൂപ്പറുകള്‍ക്ക് പൃഥ്വിയെ പേടിക്കേണ്ട
അല്ലെങ്കിലും സൂപ്പര്‍ സ്റ്റാറുകള്‍ എന്തിനാണ് പൃഥ്വിരാജിനെ പേടിക്കുന്നത്? മലയാള സിനിമയില്‍ വര്‍ഷങ്ങളായി കോയ്മ തുടരുന്ന സൂപ്പര്‍ സ്റ്റാറുകളെ വെല്ലാന്‍ മാത്രം പൃഥ്വിരാജ് എന്ന യുവതാരം വളര്‍ന്നിട്ടൊന്നുമില്ല. പക്ഷേ കഴിഞ്ഞ ഓണത്തിന് ആ കോയ്മയ്ക്കിട്ട് കിട്ടിയ കൊട്ട് അവര്‍ക്ക് മറക്കാനാവുന്നതല്ല. അതും പൃഥ്വിരാജ് നായകനായ ഒരു ചിത്രത്തിലൂടെ.
മോഹന്‍ലാലിന്റെ മഹാസമുദ്രത്തെയും മമ്മൂട്ടിയുടെ ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡത്തെയും ദിലീപിന്റെ ഡോണിനെയും വെല്ലുന്ന വിജയം പൃഥ്വിരാജ് നായകനായ ക്ലാസ് മേറ്റ്സ് നേടുമെന്ന് സൂപ്പര്‍താരങ്ങള്‍ പ്രതീക്ഷിച്ചതേയല്ല. പക്ഷേ അത് സംഭവിച്ചു. മമ്മൂട്ടിയുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ ബോക്സോഫീസില്‍ ഇഴയുമ്പോള്‍ ഒരു യുവതാര ചിത്രം വിജയത്തിന്റെ കൊടുമുടി കയറുന്ന അപൂര്‍വ കാഴ്ച മലയാള സിനിമ കണ്ടു.
ഇത്തവണയും അത്തരമൊരു അക്കിടിയെ സൂപ്പര്‍ താരങ്ങള്‍ ഭയക്കുന്നുണ്ടോ? ക്ലാസ് മേറ്റ്സിന്റെ നിര്‍മാതാക്കളുടെ രണ്ടാമത്തെ ചിത്രമായ ചോക്കളേറ്റ് ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പൃഥ്വിരാജ് നായകനായ മറ്റൊരു കാമ്പസ് ചിത്രമാണിത്. ക്ലാസ് മേറ്റ്സ് ഒരുക്കിയത് ദിലീപിന് മീശ മാധവന്‍, ചാന്തുപൊട്ട് എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ലാല്‍ ജോസാണെങ്കില്‍ ചോക്കളേറ്റ് ഒരുക്കുന്നത് മമ്മൂട്ടിയുടെ തൊമ്മനും മക്കളും, മായാവി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സംവിധാനം ചെയ്ത ഷാഫിയാണ്. മറ്റൊരു അക്കിടിയുടെ മണം വരുന്നില്ലേ?
പക്ഷേ എന്തായാലും സൂപ്പര്‍താരങ്ങള്‍ക്ക് ഇത്തവണ അങ്ങനെയൊരു ആശങ്ക മനസില്‍ നിന്നു കളയാം. ചോക്കളേറ്റ് ഓണനാളുകളില്‍ തിയേറ്ററുകളിലെത്തില്ല. സിനിമാ സമരം കാരണം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി. ചിത്രം പൂര്‍ത്തികരിക്കാന്‍ ഇനിയും ഒരു മാസത്തോളം ഷൂട്ടിംഗ് ബാക്കിയുണ്ടെന്നിരിക്കെ ഓണത്തിന് ഈ ചിത്രം റിലീസ് ചെയ്യാനുള്ള സാധ്യതയില്ല.


Click it and Unblock the Notifications