വീണ്ടും വരുന്നൂ ആനക്കാട്ടില്‍ ചാക്കോച്ചി
ആനക്കാട്ടില്‍ ചാക്കോച്ചിയെ ഓര്‍മയില്ലേ? ലേലത്തില്‍ അപ്പന്റെ ഘാതകരോട് എണ്ണിയെണ്ണി പകരം ചോദിക്കുന്ന പ്രതികാരദാഹിയായ ആനക്കാട്ടില്‍ ചാക്കോച്ചിയെ. ജോഷി-രഞ്ജി പണിക്കര്‍ ടീമിന്റെ ലേലത്തിലെ ഈ നായക കഥാപാത്രം സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു.
അബ് കാരി ബിസിനസിന്റെ പേരില്‍ വ്യവസായ പ്രമുഖര്‍ തമ്മിലുള്ള കുടിപ്പകയുടെയും കുതികാല്‍വെട്ടിന്റെയും കഥ പറയുന്ന ലേലം രഞ്ജി പണിക്കര്‍ തിരക്കഥയെഴുതിയ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നുമാണ്. രഞ്ജിയുടെ തൂലിക സൃഷ്ടിച്ച ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം പുനര്‍ജനിക്കുന്നു. അതിനായി തൂലിക ചലിപ്പിക്കുന്നതും ക്യാമറക്കു പിന്നില്‍ ആക്ഷന്‍ പറയുന്നതും രഞ്ജി പണിക്കര്‍ തന്നെ.
ഭരത്ചന്ദ്രന്‍ ഐപിഎസിനു ശേഷം രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ആനക്കാട്ടില്‍ ചാക്കോച്ചി. സുരേഷ് ഗോപി തന്നെയാണ് നായകനാവുന്നത്.
താന്‍ മറ്റു സംവിധായകര്‍ക്കായി രചിച്ച തിരക്കഥയിലെ നായക കഥാപാത്രങ്ങളെ പുനരുജ്ജീവിപ്പിച്ച് സിനിമ ഒരുക്കുന്ന ഈ രീതി രഞ്ജി പണിക്കര്‍ക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും. തന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മിഷണര്‍ എന്ന ചിത്രത്തിലെ ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന കഥാപാത്രത്തിന് വീണ്ടും ജന്മം നല്‍കിയായിരുന്നു രഞ്ജി പണിക്കരുടെ ആദ്യ സംവിധാന സംരംഭം. കഥാപാത്രത്തിന്റെ പേര് തന്നെ ചിത്രത്തിനും നല്‍കി.
ഭരത്ചന്ദ്രന്‍ ഐപിഎസ് വിജയിച്ചതോടെ അതേ രീതിയില്‍ തന്റെ മറ്റൊരു കഥാപാത്രത്തെ പുനരുജ്ജീവിപ്പിച്ച് ആ കഥാപാത്രത്തിന്റെ പേര് തന്നെ ചിത്രത്തിനും നല്‍കി മറ്റൊരു സിനിമയൊരുക്കുകയാണ് രഞ്ജി പണിക്കര്‍. പല തിരക്കഥാകൃത്തുക്കളും സംവിധാനരംഗത്തേക്കു കടന്നിട്ടുണ്ടെങ്കിലും ഇത് മലയാളത്തില്‍ രഞ്ജി പണിക്കര്‍ക്കു മാത്രമുള്ളൊരു സ്റ്റൈല്‍.


Click it and Unblock the Notifications