അന്യഭാഷാ നടിമാരുടെ ജൂലൈ
മലയാളത്തില്‍ അന്യഭാഷാ നടിമാര്‍ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് ഇപ്പോള്‍. ജൂലൈയില്‍ റിലീസ് ചെയ്യുന്ന അഞ്ച് ചിത്രങ്ങളില്‍ നാലിലും നായികമാര്‍ അന്യഭാഷാ നടിമാരാണ്.
മോഹന്‍ലാലിന്റെ ഹലോയില്‍ നായിക പാര്‍വതി മില്‍ട്ടനാണ്. തെലുങ്കില്‍ നിന്നാണ് ഈ നടി മലയാളത്തിലെത്തിയത്. മലയാളത്തില്‍ പുതിയ അവസരങ്ങളും ഈ നടിയെ തേടിയെത്തിയിട്ടുണ്ട്.
ജോഷി സംവിധാനം ചെയ്ത ജൂലൈ നാലില്‍ ദിലീപിന്റെ നായിക റോമയാണ്. നോട്ട്ബുക്കിലെ ഉപനായികാവേഷത്തിലൂടെ മലയാളത്തിലെത്തിയ റോമക്ക് ലഭിക്കുന്ന ആദ്യത്തെ നായികാവേഷമാണിത്. ചോക്കളേറ്റ് എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും ഈ നടി വേഷമിടുന്നു.
മിഷന്‍ 90 ഡേയ്സില്‍ മമ്മൂട്ടിയുടെ നായിക തുലിപ് ജോഷിയാണ്. ഹിന്ദിയില്‍ നിന്നാണ് ഈ നടി മമ്മൂട്ടിയുടെ നായികയാവാന്‍ മലയാളത്തിലെത്തിയിരിക്കുന്നത്. മേജര്‍ രവി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കമാന്റോ ഓഫീസര്‍ കഥാപാത്രത്തിന്റെ ഭാര്യയായാണ് തുലിപ് വേഷമിടുന്നത്.
ശ്രീനിവാസനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലെ നായിക ചൈനക്കാരിയായ ചാങ് ഷുമിനാണ്. ആദ്യമായി വിദേശിയായ ഒരു പെണ്‍കുട്ടി മലയാളചിത്രത്തില്‍ നായികയാവുന്നത്.
ജൂലൈയില്‍ റിലീസ് ചെയ്യുന്ന ഒരു ചിത്രത്തില്‍ മാത്രമാണ് മലയാളത്തില്‍ നിന്നുള്ള നടി നായികയാവുന്നത്. സുരേഷ് ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രിയിലെ നായിക കാവ്യാ മാധവനാണ്.


Click it and Unblock the Notifications