ഇനി മണി മമ്മൂട്ടിയുടെ ബോഡി ഗാര്‍ഡ്
നായകനായേ അഭിനയിക്കൂവെന്ന നിര്‍ബന്ധമൊന്നും കലാഭവന്‍ മണിക്കില്ല. സൂപ്പര്‍താര ചിത്രങ്ങളോട് മത്സരിച്ചു പോലും മണി നായകനായ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും നായകവേഷമേ ചെയ്യൂവെന്ന കടുംപിടുത്തമൊന്നും ഈ നടനില്ല.
ആക്ഷന്‍ ഹീറോയുടെ ഇമേജാണ് ഇന്ന് മണിക്ക് മലയാളത്തിലുള്ളത്. സൂപ്പര്‍താര ചിത്രങ്ങളോട് മത്സരിച്ച് ഓണസീസണില്‍ ലോക് നാഥന്‍ ഐഎഎസ് എന്ന ചിത്രം പുറത്തിറക്കിയ നടനാണ് മണി. ബെന്‍ ജോണ്‍സണ്‍ പോലുള്ള ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായത് മണിയുടെ പ്രകടനം ഒന്നു കൊണ്ടു മാത്രമാണ്. തുടര്‍ന്ന് പുറത്തിറങ്ങിയ മണിയുടെ പല ചിത്രങ്ങളും പരാജയപ്പെട്ടെങ്കിലും ഇപ്പോഴും ആക്ഷന്‍ ഹീറോയെന്ന ഇമേജ് മണിക്കുണ്ട്.
എന്നാല്‍ ഈ ഇമേജില്‍ സ്വയം തളയ്ക്കാന്‍ മണി തയ്യാറല്ല. സൂപ്പര്‍താര ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാനും ഈ നടന്‍ തയ്യാറാണ്. നായകനായി വിലസുമ്പോഴാണ് മണി മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈയില്‍ വില്ലനായത്. ഈ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
മോഹന്‍ലാല്‍ ചിത്രം നാട്ടുരാജാവില്‍ ലാലിന്റെ സന്തതസഹചാരിയായി അഭിനയിക്കാന്‍ തമിഴിലെ തിരക്കുകള്‍ മാറ്റിവച്ച നടനാണ് മണി. ആ ചിത്രത്തില്‍ ലാലിന്റെ ഡ്രൈവറും സഹായിയുമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായിരുന്നു മണിക്ക്. നായക പരിവേഷം മാറ്റിവച്ച് ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പവും മണി അത്തരമൊരു വേഷം ചെയ്യുന്നു.
ജോഷി സംവിധാനം ചെയ്യുന്ന നസ്രാണിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ഡേവിഡ് എന്ന കഥാപാത്രത്തിന്റെ സന്തതസഹചാരിയായ സുകു എന്ന കഥാപാത്രത്തെയാണ് മണി അവതരിപ്പിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ചും പല കാര്യങ്ങളിലുമിടപെട്ടും എപ്പോഴും ബിസിയായിരിക്കുന്ന ഡേവിഡിന്റെ ഡ്രൈവറും മാനേജരും ബോഡി ഗാര്‍ഡുമൊക്കെയാണ് സുകു.
ബാലകൃഷ്ണയുടെ ഒരു തെലുങ്കു പടത്തിലെ വേഷം വേണ്ടെന്നുവച്ചിട്ടാണ് മണി മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനെത്തിയത്. നസ്രാണിയിലെ വേഷം ചെയ്യുന്നതിനായി തെലുങ്കില്‍ കിട്ടുന്ന കനത്ത പ്രതിഫലം മണി വേണ്ടെന്നുവച്ചു. എത്ര പ്രതിഫലം കിട്ടിയാലും മലയാളത്തില്‍ അഭിനയിച്ചാല്‍ കിട്ടുന്ന സുഖം മറ്റെവിടെയും കിട്ടില്ലെന്ന അഭിപ്രായമാണ് മണിക്ക്. തമിഴിലും തെലുങ്കിലുമൊക്കെ ഒരു അവസരം കിട്ടാന്‍ നോക്കിനില്‍ക്കുന്ന നടീനടന‍്മാര്‍ ഇത് കേള്‍ക്കുന്നുണ്ടോ?


Click it and Unblock the Notifications











