ഒരേ ദിവസം റിലീസായത് മൂന്ന് ചിത്രങ്ങള്‍
മഴ കോരിച്ചൊരിയുന്ന ജൂലൈ ഇതുവരെ ഒരു സീസണായി ചലച്ചിത്ര വ്യവസായ രംഗം കണക്കാക്കിയിരുന്നില്ല. എന്നാല്‍ ജൂലൈയില്‍ ഇതാദ്യമായി ഒരേ ദിവസം മൂന്ന് ചിത്രങ്ങള്‍ റിലീസായി. ജൂലൈ അഞ്ചിന് മോഹന്‍ലാല്‍ നായകനായ ഹലോ, ദിലീപ്-ജോഷി ചിത്രം ജൂലൈ നാല്, ലാല്‍ ജോസിന്റെ അറബിക്കഥ എന്നീ ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തിയത്.
ആഗസ്തില്‍ ഓണത്തിന് വന്‍കിട ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കെ ജൂലൈയില്‍ വന്‍കിട ബാനറുകളുടെയും സൂപ്പര്‍താരങ്ങളുടെയും ചിത്രങ്ങള്‍ മത്സരത്തിനെത്തുന്നത് പതിവില്ല. ആ പതിവ് തെറ്റിച്ചാണ് ജൂലൈ അഞ്ചിന് മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്തത്.
മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ ആദ്യമായി സംവിധാനം ചെയ്ത ഹലോ 49 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തത്. മിക്ക കേന്ദ്രങ്ങളിലും അഞ്ച് ഷോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കനത്ത മഴയിലും ചിത്രം കാണാന്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
ദിലീപിന്റെ ജന്മദിനമായ ജൂലൈ നാലിന് റിലീസ് ചെയ്യാനായി ഒരുക്കിയ ജൂലൈ നാല് ആ ദിവസം റിലീസ് ചെയ്യാനായില്ല. ഒരു ദിവസം പിന്നിട്ട് ജൂലൈ അഞ്ചിനാണ് ചിത്രം പ്രദര്‍ശനത്തിനെയത്. 42 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.
ശ്രീനിവാസന്‍ നായകനായ ലാല്‍ ജോസിന്റെ അറബിക്കഥയും ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തി. ഈ ചിത്രത്തിന്റെ വലിയൊരു ഭാഗവും ചിത്രീകരിച്ചത് ദുബായിലാണ്.
ജൂലൈയില്‍ രണ്ട് ചിത്രങ്ങള്‍ കൂടി തിയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്സ്, സുരേഷ് ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രി എന്നീ ചിത്രങ്ങളാണ് ജൂലൈയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍. ആഗസ്തില്‍ ഓണത്തിന് സൂപ്പര്‍താര യുദ്ധം അരങ്ങേറിനിരിക്കെയാണ് ജൂലൈയില്‍ അതിന് മുന്നോടിയായി സൂപ്പര്‍താര ചിത്രങ്ങളുടെ മറ്റൊരു മത്സരം നടക്കുന്നത്.


Click it and Unblock the Notifications