ഇക്കുറി സൂപ്പര്‍താരങ്ങളുമായി സൗഹൃദമത്സരം
ലാല്‍ ജോസ് വീണ്ടുമത് സാധിച്ചിരിക്കുന്നു. ക്ലാസ് മേറ്റ്സിനു ശേഷം വീണ്ടും ഒരു ലാല്‍ ജോസ് ചിത്രം സൂപ്പര്‍താരങ്ങളില്ലാതെ, പതിവ് മസാല ചേരുവകളില്ലാതെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു.
ആദ്യദിവസങ്ങളില്‍ മങ്ങിയ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നുണ്ടായതെങ്കിലും തുടര്‍ന്ന് മൗത്ത് പബ്ലിസിറ്റിയുടെ ബലത്തില്‍ അറബിക്കഥ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണ് കണ്ടത്. റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും റിലീസിംഗ് കേന്ദ്രങ്ങളിലെ സീറ്റുകളുടെ എണ്‍പത് ശതമാനവും നിറഞ്ഞു. ഇപ്പോള്‍ മിക്ക റിലീസിംഗ് കേന്ദ്രങ്ങളിലും അറബിക്കഥ ഹൗസ് ഫുള്ളായാണ് ചിത്രമോടുന്നത്.
ഇത്തവണയും ലാല്‍ ജോസിന്റെ പോരാട്ടം സൂപ്പര്‍താര ചിത്രങ്ങളോടാണ്. കഴിഞ്ഞ വര്‍ഷം ക്ലാസ് മേറ്റ്സ് മത്സരിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് ചിത്രങ്ങളോടായിരുന്നു. ഈ ചിത്രങ്ങളെ കടത്തിവെട്ടി ക്ലാസ് മേറ്റ്സ് കളക്ഷനില്‍ മുന്നിലെത്തി.
ഇത്തവണ ഒരു വ്യത്യാസമുണ്ട്. കഴിഞ്ഞ തവണ സൂപ്പര്‍താര ചിത്രങ്ങളായ മഹാസമുദ്രം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ഡോണ്‍ എന്നിവയ്ക്കൊന്നും മികച്ച ചിത്രമെന്ന പേരെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ചിത്രങ്ങളോട് പ്രേക്ഷകര്‍ വിമുഖത പ്രകടിപ്പിച്ചപ്പോഴാണ് ക്ലാസ് മേറ്റ്സ് നല്ല ചിത്രമെന്ന പേരില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചതും വന്‍ വിജയമായതും.
എന്നാല്‍ ഇത്തവണ സൂപ്പര്‍താര ചിത്രങ്ങള്‍ക്കെല്ലാം മികച്ചതെന്ന പ്രേക്ഷകാഭിപ്രായം നേടിയെടുക്കാനായിട്ടുണ്ട്. രസികന്‍ മുഹൂര്‍ത്തങ്ങളുമായി തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന മോഹന‍്ലാലിന്റെ ഹലോ വന്‍വിജയത്തിലേക്കാണ് നീങ്ങുന്നത്. ദിലീപിന്റെ ജൂലൈ നാലിനും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്സും മികച്ച കളക്ഷനാണ് നേടുന്നത്.


Click it and Unblock the Notifications