എന്തുകൊണ്ട് അറബിക്കഥ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു?
ഈ മൂന്ന് സൂപ്പര്‍താര ചിത്രങ്ങളും പ്രേക്ഷകരെ ആകര്‍ഷിക്കുമ്പോള്‍ തന്നെയാണ് അറബിക്കഥ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചുവരുന്നത്. സൂപ്പര്‍താര സാന്നിധ്യമില്ലെങ്കിലും കഥയുടെ ഫ്രെഷ്നസും സമകാലീന രാഷ്ട്രീയത്തില്‍ അറബിക്കഥ നടത്തുന്ന ഇടപെടലും കണ്ടിരിക്കേണ്ട ചിത്രമെന്ന അഭിപ്രായമാണ് പ്രേക്ഷകരിലുണ്ടാക്കിയിരിക്കുന്നത്.
നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തെയാണ് അറബിക്കഥ അഭിമുഖീകരിക്കുന്നത്. സാധാരണ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നൊരു ചിത്രമെന്ന് അറബിക്കഥയെ വിശേഷിപ്പിക്കാം. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു ചിത്രം വളരെ കാലത്തിനു ശേഷമാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഗള്‍ഫ് കുടിയേറ്റത്തെയും ഒരേ സമയം വിഷയമാക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
ചിത്രത്തിലെ പല രംഗങ്ങളെയും നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ എതിരേല്‍ക്കുന്നത്. പാടം നികത്തി വച്ച വാഴകള്‍ വെട്ടിനിരത്തണമെന്നും വാഴപ്പഴവും ഒരു ഭക്ഷണമാണെങ്കിലും അടിസ്ഥാന ഭക്ഷണമായ അരിയാണ് നെല്‍വയലുകളില്‍ ഉണ്ടാക്കേണ്ടതെന്നും ക്യൂബ മുകുന്ദന്‍ പറയുന്നതിലെ പരിഹാസം തിയേറ്ററുകളില്‍ ആരവമാണ് സൃഷ്ടിക്കുന്നത്. ഹോട്ടലില്‍ ജോലി ചെയ്യുന്ന ക്യൂബ മുകുന്ദന്‍ ഹോട്ടലിലെത്തുന്നവര്‍ക്ക് കൊക്ക കോള നല്‍കാന്‍ വിസമ്മതിക്കുന്നതും താന്‍ കൊക്ക കോളയ്ക്കെതിരാണെന്ന് പറയുന്നതും പ്രേക്ഷകര്‍ കൈയടിയോടെയാണ് എതിരേല്‍ക്കുന്നത്. ഇത്തരം ഒട്ടേറെ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്.
ലാല്‍ ജോസിന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് അറബിക്കഥ. ചാന്തുപൊട്ട്, ക്ലാസ് മേറ്റ്സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ സൂപ്പര്‍ഹിറ്റ് എന്ന നിലയില്‍ അറബിക്കഥ ലാല്‍ ജോസിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവലാവുന്നു.


Click it and Unblock the Notifications