ഹലോ തമിഴിലേക്കും തെലുങ്കിലേക്കും
സൂപ്പര്‍ഹിറ്റായ മോഹന്‍ലാലിന്റെ ഹലോ തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യും. ചിത്രത്തിന്റെ നിര്‍മാണച്ചെലവിന്റെ ഒരു ഭാഗം റീമേക്ക് റൈറ്റ് വിറ്റതിലൂടെ തന്നെ തിരിച്ചുപിടിക്കാനായി. തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യാനുള്ള അവകാശം വിറ്റത് 60 ലക്ഷം രൂപയ്ക്കാണ്. മൂന്ന് കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍.
തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കും രസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത് എന്നതു കൊണ്ടാണ് സിനിമ പുറത്തിറങ്ങി ഒരു മാസമാവുന്നതിനു മുമ്പേ തന്നെ റീമേക്ക് അവകാശത്തിനായി തമിഴ്, തെലുങ്ക് സിനിമാ നിര്‍മാതാക്കള്‍ ഹലോയുടെ നിര്‍മാതാക്കളെ സമീപിച്ചത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഹലോയുടെ തമിഴ്, തെലുങ്ക് റീമേക്കുകളും സൂപ്പര്‍ഹിറ്റാവുമെന്ന കണക്കുകൂട്ടലിലാണ് നിര്‍മാതാക്കള്‍.
ജോയ് തോമസ് ശക്തികുളങ്ങരയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. 12 ദിവസത്തെ പ്രദര്‍ശനത്തിലൂടെ ഇതിനകം റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്ന് മൂന്ന് കോടി രൂപ ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെയിറങ്ങി ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടുന്ന ചിത്രം ഹലോയാവുമെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മഴ വീണ്ടും ശക്തിയാര്‍ജിച്ചിട്ടും റിലീസിംഗ് കേന്ദ്രങ്ങളിലെ കളക്ഷനെ അത് ബാധിച്ചിട്ടില്ല. ഹൗസ് ഫുള്ളായാണ് എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചുവരുന്നത്.


Click it and Unblock the Notifications











