ലാല്‍ അലക്സാണ്ടറാവുന്നു
ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് വാസ്കോഡ ഗാമ എന്നായിരുന്നു. എന്നാല്‍ ചരിത്ര പുരുഷനായ വാസ്കോഡഗാമയുമായി യാതൊരു ബന്ധവും ആ കഥാപാത്രത്തിനുണ്ടായിരുന്നില്ല. കൊച്ചിയില്‍ ജനിച്ച താന്തോന്നിയായ ഒരു ചെറുപ്പക്കാരന്റെ വേഷമായിരുന്നു അദ്ദേഹത്തിന്.
മുരളി നാഗവള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാലിന് മറ്റൊരു ചരിത്രപുരുഷന്റെ പേരാണ്- അലക്സാണ്ടര്‍. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുമായി ഈ കഥാപാത്രത്തിന് ബന്ധമൊന്നുമില്ല. തന്റെ അസാധാരണ രീതികളിലൂടെ പേരെടുക്കുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. പി.ബാലചന്ദ്രനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നേരത്തെ പവിത്രം പോലുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പി.ബാലചന്ദ്രന്‍ തിരക്കഥയെഴുതിയിട്ടുണ്ട്.
മുരളി നാഗവള്ളിയുടെ വാണ്ടഡ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷം അവതരിപ്പിച്ചിട്ടുണ്ട്. വാണ്ടഡില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷമായിരുന്നു മോഹന്‍ലാലിന്.
2008ലെ മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നായിരിക്കും അലക്സാണ്ടര്‍ ദി ഗ്രേറ്റ്. അനുഗ്രഹ സിനി ആര്‍ട്സിന്റെ ബാനറില്‍ വി.ബി.കെ.മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. പോണ്ടിച്ചേരി, ഗോവ, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും.


Click it and Unblock the Notifications