ലോഹിതദാസിന്റെ ചിത്രത്തില്‍ സിബി മലയില്‍
ലോഹിതദാസും സിബി മലയിലും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. എങ്കിലും ഈ പ്രൊജക്ട് എപ്പോള്‍ നടക്കുമെന്ന കാര്യം മാത്രം വ്യക്തമല്ല. തനിയാവര്‍ത്തനം, കിരീടം, ഭരതം, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, ചെങ്കോല്‍, ദശരഥം തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ പുതിയൊരു ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണെന്ന് അറിയില്ലെങ്കിലും ഇരുവരുടെയും കൂടിച്ചേരല്‍ മറ്റൊരു തരത്തില്‍ നടക്കുകയാണ്. ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിബി മലയില്‍ അഭിനയിക്കുന്നു.
ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിവേദ്യം എന്ന ചിത്രത്തിലാണ് സിബി മലയില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ സിബി മലയില്‍ തന്നെയായാണ് ഈ ചിത്രത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.
ഗാനരചയിതാവ് കൈതപ്രം, സംഗീത സംവിധായകന്‍, നിര്‍മാതാവ് ഒമര്‍ ഷെരീഫ് എന്നിവരും ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടൊരു രംഗമാണിത്.
പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി ഒരു പ്രണയകഥ പറയുന്ന ചിത്രമാണ് ലോഹിതദാസ് ഒരുക്കുന്ന നിവേദ്യം.


Click it and Unblock the Notifications