നിത്യ ദാസിന്റെ വിവാഹ രജിസ്‌ട്രേഷന്‍ പ്രതിസന്ധിയില്‍
കാശ്‌മീരി സ്വദേശിയെ വിവാഹം ചെയ്‌ത ചലച്ചിത്രതാരം നിത്യാ ദാസിന്റെ വിവാഹ രജിസ്‌ട്രേഷന്‍ പ്രതിസന്ധിയില്‍.
ഇതിനെത്തുടര്‍ന്ന് സ്വദേശമായ കോഴിക്കോട് ചാത്തമംഗലം രജിസ്‌ട്രേഷന്‍ ഓഫീസിലെ തീരുമാനമറിഞ്ഞശേഷം ഹൈക്കോടതിയെ സമീപിക്കാന്‍ കാത്തിരിക്കുകയാണ് നിത്യാ ദാസ്.
ജൂണ്‍ 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ജമ്മുവിലെ പ്ലോറ സ്വദേശിയായ അരവിന്ദ് സിംഗ് ജംവാലും നിത്യയും തമ്മിലുള്ള വിവാഹം നടന്നത്. പിറ്റേദിവസം ഗുരുവായൂര്‍ മുനിസിപ്പല്‍ ഓഫീസില്‍ രേഖകളെല്ലാം സമര്‌പ്പിച്ച് വിവാഹ സര്‍ട്ടിഫിക്കറ്റിന് കാത്തിരിക്കുമ്പോഴാണ് പ്രശ്‌നം തുടങ്ങിയത്.
കാശ്‌മീര്‍ സ്വദേശി മലയാളിപ്പെണ്‍കുട്ടിയെ കെട്ടിയാല്‍ കേരളത്തില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. 1955ലെ ഹിന്ദു മാരേജ് ആക്ട് ജമ്മു-കാശ്‌മീര്‍ സംസ്ഥാനത്തിന് ബാധകമല്ല എന്നതാണ് ഇതിന് കാരണം. അതായത് നിത്യയുടെയും അരിവിന്ദിന്റെയും വിവാഹത്തിന് നിയമസാധുതയില്ല.
സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ജമ്മുവില്‍ പോയി ഒരിക്കല്‍ക്കൂടി വിവാഹം രജിസ്‌റ്റര്‍ ചെയ്യണം. എന്നാല്‍ നിയമത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും സര്‍ട്ടിഫിക്കറ്റിനായി ഒരിക്കല്‍ക്കൂടി വിവാഹം നടത്താന്‍ തയ്യാറല്ലെന്നുമാണ് നിത്യയുടെ തീരുമാനം.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടും, പാന്‍കാര്‍ഡും, ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജോലിയുമുള്ള ഒരിന്ത്യക്കാരന്‍ ഒരിന്ത്യക്കാരിയെ വിവാഹം കഴിച്ചാല്‍ അതിന് നിയമസാധുതയില്ലേയെന്ന് തനിയ്‌ക്കറിയണമെന്നും നിത്യ പറയുന്നു.
ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും അധികൃതര്‍ നിസ്സഹായത പ്രകടിപ്പിച്ചപ്പോള്‍ സ്വന്തം സ്ഥലമായ കോഴിക്കോട് കുന്ദമംഗലത്തെ എംഎല്‍എ യുസി രാമനെയും നിത്യയുടെ പിതാവ് സമീപിച്ചു. അദ്ദേഹം ഈ പ്രശ്‌നം നിയമസഭയിലും എത്തിച്ചു. ഇതുപരിഗണിച്ച് നിയമമന്ത്രി എം.വിജയകുമാര്‍ ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാന്‍ രജിസ്‌ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകായാണ്.
ഇതിനിടെ നിത്യയും അരവിന്ദും ചേര്‍ന്ന് ചാത്തമംഗലം രജിസ്‌ട്രാര്‍ ഓഫീസിലും അപേക്ഷ നല്‍കിയിട്ടുണ്ട്. ഒരുവഴിയ്‌ക്കും കാര്യം ശരിയായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നിത്യയുടെ തീരുമാനം. ഇന്ത്യന്‍ എയര്‍ലൈന്‍സ് ജോലിക്കാരനായ അരവിന്ദ് ചെന്നൈയില്‍ നിന്നും സ്ഥലം മാറ്റം വാങ്ങി കോഴിക്കോട്ട് സ്ഥിരതാമസമാക്കാനുള്ള ശ്രമത്തിലാണ്.
അന്യസംസ്ഥാനക്കാരിയെ വിവാഹം കഴിയ്‌ക്കാന്‍ കാശ്‌മീരി പുരുഷന്മാര്‍ക്ക് വിലക്കേതുമില്ല. വിവാഹം കാശ്‌മീരില്‍ വെച്ചാണെങ്കില്‍ ഭാര്യയ്‌ക്കും കാശ്‌മീരി പദവിയ്‌ക്ക് അര്‍ഹത ലഭിയ്‌ക്കും. എന്നാല്‍ കാഷ്‌മീരി വനിതകള്‍ അന്യസംസ്ഥാനക്കാരനെ വിവാഹം കഴിച്ചാല്‍ അവരുടെ കാഷ്‌മീരി സ്റ്റാറ്റസ് നഷ്‌ടമാകുമെന്നായിരുന്നു പഴയ നിയമം.
എന്നാല്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് ഈ നിയമം മാറ്റി. ജമ്മുകാശ്‌മീരിന് ഭരണഘടനയില്‍ 370-വകുപ്പ് പ്രകാരമുള്ള സവിശേഷ പദവിയാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം.


Click it and Unblock the Notifications