twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണത്തിന് പ്രേക്ഷകര്‍ക്ക് നിവേദ്യം

    By Staff
    |

    പറന്ന് പറന്ന് പറന്ന് പോലൊരു ശശികുമാര്‍ സ്റ്റൈല്‍ ചിത്രമെടുത്തത് പെരുവഴിയമ്പലവും മൂന്നാം പക്കവുമടക്കം മലയാള സിനിമ എന്നുമോര്‍ക്കുന്ന ഒരു പിടി സിനിമകളൊരുക്കിയ പത്മരാജന്‍ തന്നെയാണല്ലോ. മഞ്ജീരധ്വനി പോലൊരു മൂന്നാം കിട ചിത്രം സംവിധാനം ചെയ്തത് ഓര്‍മക്കായിയും വൈശാലിയും താഴ്വാരവും ഒരുക്കിയ ഭരതനാണല്ലോ. ആ നിലക്ക് ചക്രവും ചക്കരമുത്തും പടച്ചുവിട്ടതിന് ഭൂതകണ്ണാടിയുടെയും കിരീടത്തിന്റെയും തനിയാവര്‍ത്തനത്തിന്റെയും ദശരഥത്തിന്റെയും പേരില്‍ ലോഹിതദാസിന് മാപ്പുകൊടുക്കാം.

    ഈയോണത്തിന് ലോഹിതദാസ് ഒരു പരീക്ഷണ ചിത്രവുമായെത്തുന്നത് മലയാള സിനിമയില്‍ പുതുമയില്ല എന്ന വിമര്‍ശനത്തിന്റെ മുഖവുരയോടെയാണ്. പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി ലോഹി ഒരുക്കിയ നിവേദ്യം എന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലെത്തുന്നത്.

    തീര്‍ച്ചയായും തന്റെ ചിത്രത്തില്‍ പുതുമയുണ്ടെന്ന് വിശ്വാസമുള്ളതുകൊണ്ടായിരിക്കുമല്ലോ മറ്റ് ചിത്രങ്ങളെ അദ്ദേഹം വിമര്‍ശിക്കുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ കൊയ്ത്ത് നടത്താനെത്തുന്ന ഓണത്തിനാണ് ലോഹിതദാസ് നിവേദ്യം തിയേറ്ററുകളിലെത്തിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കും പുതുമയില്ലാത്ത മലയാള സിനിമക്കും ചുട്ട മറുപടി നല്‍കണമെന്ന കണക്കുകൂട്ടലോടെയാവണം നിവേദ്യം റിലീസ് ചെയ്യുന്നതിന് ഉത്സവസീസണ്‍ തന്നെ അദ്ദേഹം തിര‍ഞ്ഞെടുത്തത്.

    സൂപ്പര്‍താരങ്ങളുമായി ഒരു പുതുമുഖ ചിത്രം ഓണസീസണില്‍ മത്സരിക്കാനെത്തുമ്പോള്‍ അതിലുള്ള റിസ്ക് കുറച്ചൊന്നുമല്ല. ആ റിസ്ക് ഏറ്റെടുത്തതിന് ലോഹിയെ നമുക്ക് അഭിനന്ദിക്കാം. ആദ്യദിനങ്ങളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൗത്ത് പബ്ലിസിറ്റി കൊണ്ടു വേണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത്തരം ചിത്രങ്ങള്‍ വിജയരഥത്തിലേക്ക് കുതിക്കാന്‍. അതിന് നല്ല ചിത്രമെന്ന പേരെടുക്കാന്‍ കഴിയണം. ലോഹിയുടെ പഴയ മാജിക്ക് നിവേദ്യത്തില്‍ ആവര്‍ത്തിക്കുമോ? പ്രതിഭാധനനായ ഒരു സിനിമക്കാരന്റെ തിരിച്ചുവരവാവുമോ ഈ ചിത്രം? കാത്തിരുന്നു കാണുക.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X