ശ്രീനിവാസന്‍ കണ്ടെത്തുന്ന രഹസ്യങ്ങള്‍
ശ്രീനിവാസന്റെ പൊലീസ് വേഷങ്ങള്‍ പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. ഏയ് ഓട്ടോയിലെ എസ് ഐ കഥാപാത്രം പ്രേക്ഷകരുടെ ചുണ്ടില്‍ ചിരി പടര്‍ത്തിയത് ശ്രീനിയുടെ മാനറിസങ്ങളിലൂടെയും പ്രത്യേക സംഭാഷണ രീതിയിലൂടെയുമായിരുന്നു.
മാനത്തെ വെള്ളിത്തേരിലെ പൊലീസ് ഓഫീസര്‍ വേഷവും ഒരു ശ്രീനി സ്റ്റൈല്‍ തമാശ വേഷമായിരുന്നു. ബോയ് ഫ്രണ്ടിലെ പൊലീസ് കമ്മിഷണര്‍ കഥാപാത്രമാകട്ടെ ശ്രീനി സ്റ്റൈലൊക്കെ വിട്ട് കോമാളി വേഷമായി.
ശ്രീനിവാസന്‍ പൊലീസ് വേഷങ്ങള്‍ ചെയ്തപ്പോഴെല്ലാം പ്രേക്ഷകര്‍ ചിരിച്ചിട്ടേയുള്ളൂ. പ്രേക്ഷകരില്‍ ചിരിയുണര്‍ത്താത്ത, വളരെ പരുക്കനായ ശ്രീനിവാസന്റെ ഒരു പൊലീസ് കഥാപാത്രത്തെ സങ്കല്പിക്കാമോ? ആയുര്‍രേഖ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് അത്തരമൊരു പൊലീസ് ഓഫീസര്‍ വേഷമാണ്.
കോമഡി ശൈലി പൂര്‍ണമായും ഒഴിവാക്കി വളരെ പരുക്കനായ ഒരു പൊലീസ് ഓഫീസറെ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് ആദ്യമായാണ്. നര്‍മലേശമില്ലാത്ത ശ്രീനിയുടെ വേഷങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു കഥാപാത്രം തന്റെ അഭിനയശൈലിയില്‍ നിന്നും തീര്‍ത്തും വ്യതിചലിച്ചാണ് ശ്രീനി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications