ശ്രീനിയില്ലാതെ നാടോടിക്കാറ്റിന് നാലാം ഭാഗം
സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ ടീമിന്റെ ഏറ്റവും മികച്ച ചിത്രമായിരുന്നു നാടോടിക്കാറ്റ്. ടിവിയില്‍ ഇന്നും പ്രേക്ഷകര്‍ വീണ്ടും വീണ്ടും കണ്ടു രസിക്കുന്ന ചിത്രം. നാടോടിക്കാറ്റിന്റെ വന്‍വിജയമാണ് ആ ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങളൊരുക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.
നാടോടിക്കാറ്റിനോളം പോന്നില്ലെങ്കിലും പട്ടണപ്രവേശവും അക്കരെ അക്കരെ അക്കരെയും പ്രേക്ഷകരെ രസിപ്പിച്ച് വിജയിച്ച ചിത്രങ്ങള്‍ തന്നെയായിരുന്നു. പട്ടണപ്രവേശത്തില്‍ സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിച്ചുവെങ്കില്‍ അക്കരെ അക്കരെ അക്കരെയില്‍ ഒരു മാറ്റമുണ്ടായി. ആ ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു.
ശ്രീനിവാസന്റെ തിരക്കഥയും നായകന്‍മാരായ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും പ്രകടനവുമായിരുന്നു ആ ചിത്രങ്ങളെ വിജയിപ്പിച്ചത്. നാടോടിക്കാറ്റിന് നാലാം ഭാഗം വരുന്നെന്നും ശ്രീനി തന്നെ ആ ചിത്രത്തിനും തിരക്കഥയെഴുതുമെന്നും വാര്‍ത്തയുണ്ടായിരുന്നെങ്കിലും ശ്രീനി തന്നെ ആ വാര്‍ത്തകള്‍ നിഷേധിച്ചു.
നാടോടിക്കാറ്റിന് നാലാം ഭാഗമൊരുക്കുന്നുവെന്ന പുതിയ വാര്‍ത്തയാണ് ഇപ്പോഴെത്തിയിരിക്കുന്നത്. മറ്റ് മൂന്ന് ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതിയ ശ്രീനിക്കു പകരം നാലാം ഭാഗത്തിന് ജെയിംസ് ആന്‍ഡ്രൂസാണത്രെ തിരക്കഥ രചിക്കുന്നത്. സംവിധാനം ചെയ്യുന്നത് സത്യന്‍ അന്തിക്കാടോ പ്രിയദര്‍ശനോ അല്ല. റോഷന്‍ ആന്‍ഡ്രൂസാണ് സംവിധായകന്‍.
നായകന്‍ മോഹന്‍ലാല്‍ തന്നെയായിരിക്കും. ദാസന്‍ വീണ്ടുമെത്തുമ്പോള്‍ വിജയനുമുണ്ടാവേണ്ടതല്ലേ? ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുമെയോന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സെവന്‍ ആര്‍ട്സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications