ജൂറി പ്രേക്ഷകരെ ഞെട്ടിപ്പിച്ചില്ലെങ്കില്‍....
കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നിര്‍ണയം എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ചാണ് നടന്നത്. അവാര്‍ഡിന് സാധ്യതയുള്ളവരുടെ പട്ടികയിലുണ്ടായിരുന്ന സൂപ്പര്‍താരങ്ങളെ പോലും പിന്തള്ളിയാണ് യുവനടനായ പൃഥ്വിരാജിന് അവാര്‍ഡ് നല്‍കാന്‍ അവാര്‍ഡ് ജൂറി തീരുമാനിച്ചത്.
കറുത്ത പക്ഷികള്‍, പളുങ്ക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കീര്‍ത്തിചക്രയിലെ പ്രകടനം മോഹന്‍ലാലിനെയും അവാര്‍ഡ് സാധ്യതയുള്ളവരുടെ പട്ടികയിലെത്തിച്ചു. പക്ഷേ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് അവാര്‍ഡിന് സാധ്യതയുണ്ടെന്ന് ആരും കരുതാതിരുന്ന ഒരു നടന് കിട്ടി പുരസ്കാരം.
ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കപ്പെടുന്നവരിലും മമ്മൂട്ടിയും മോഹന്‍ലാലുമുണ്ടാകും. യുവതാരത്തിനും കിട്ടട്ടെ പ്രോത്സാഹനം എന്ന നിലയില്‍ ജൂറി അവാര്‍ഡ് പ്രഖ്യാപനം കൊണ്ട് ആളുകളെ ഞെട്ടിപ്പിച്ചില്ലെങ്കില്‍ ഈ വര്‍ഷത്തെ അവാര്‍ഡ് ഈ നടന്‍മാരില്‍ ഒരാള്‍ക്കായിരിക്കും. അത്തരമൊരു ന്യായീകരണം പറയാവുന്ന വിധത്തില്‍ അവഗണിക്കാവുന്ന വേഷങ്ങളുമല്ല ഈ വര്‍ഷം ഈ നടന്‍മാര്‍ ചെയ്തത്.
അവരോട് മത്സരിക്കാന്‍ മാത്രം മികച്ച കഥാപാത്രമൊന്നും മറ്റൊരു നടനും ഈ വര്‍ഷം ലഭിച്ചിട്ടില്ല. പ്രമുഖതാരങ്ങളുടെ ഈ വര്‍ഷത്തെ ചിത്രങ്ങളുടെ ലിസ്റ്റായി കഴിഞ്ഞു. 2007 ഡിസംബര്‍ വരെയുള്ള അവരുടെ ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്തുകഴിഞ്ഞു. ഇനി പ്രഖ്യാപിക്കുന്ന പുതിയ ചിത്രങ്ങളില്‍ രണ്ടാം നിരയില്‍പ്പെട്ട താരങ്ങള്‍ക്കായി മികച്ച വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മാത്രമേ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരു കടുത്ത മത്സരം നല്‍കാനാവൂ. അതും അഭിനയശേഷിയുടെ പുതിയ മാനങ്ങളിലെത്തുന്ന പ്രകടനമാണെങ്കില്‍ മാത്രം. കാരണം അത്രയും മികച്ച വേഷങ്ങളുമായാണ് അടുത്ത അവാര്‍ഡിന് മമ്മൂട്ടിയും മോഹന്‍ലാലും മത്സരിക്കുന്നത്.


Click it and Unblock the Notifications