ഇക്കുറി അവാര്‍ഡ് ലാലിനോ മമ്മൂട്ടിക്കോ?
തങ്ങളുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ പെടുന്ന കഥാപാത്രങ്ങളാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഈ വര്‍ഷം ലഭിച്ചത്. ഈ വര്‍ഷം ഇരുവര്‍ക്കുമുണ്ട് അഭിനയസിദ്ധിയുടെ മാറ്റുരക്കുന്ന രണ്ട് ചിത്രങ്ങള്‍ വീതം. ഈ ചിത്രങ്ങളെല്ലാം ഇനിയുള്ള മാസങ്ങളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.
ഇതിനകം വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട ശ്യാമപ്രസാദിന്റെ ഒരേ കടല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു വേഷമാണ് ലഭിച്ചിരിക്കുന്നത്. ബംഗാളി നോവലിസ്റ്റായ സുനില്‍ ഗംഗോപാധ്യായയുടെ ഹീരക് ദീപ്തി എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രമായ ഒരേ കടലില്‍ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ സത്യജിത്ത് റായി സിനിമയാക്കാന്‍ പരിഗണിച്ചിരുന്ന കൃതിയാണ് ഹീരക് ദീപ്തി. പിന്നീട് സുനില്‍ ഗംഗോപാധ്യായയുടെ തന്നെ മറ്റൊരു കഥയെ ആസ്പദമാക്കി ആരണ്യര്‍ ദിന്‍ രാത്രി എന്ന ചിത്രം അദ്ദേഹം ഒരുക്കുകയായിരുന്നു. ബംഗാളി സാഹിത്യത്തിലെ ക്ലാസിക്കുകളെ അവലംബിച്ച് ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളൊരുക്കിയ സത്യജിത്ത് റായി സിനിമയാക്കാന്‍ പരിഗണിച്ചിരുന്ന നോവല്‍ തീര്‍ച്ചയായും ചലച്ചിത്ര ഭാഷയുടെ പുതിയ ആഖ്യാനങ്ങള്‍ തീര്‍ക്കാനുള്ള സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു കൃതിയാവുമെന്ന് തീര്‍ച്ച. ഹീരക് ദീപ്തി ശ്യാമപ്രസാദ് സിനിമയാക്കുമ്പോള്‍ അപാരമായ അഭിനയ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്ന സങ്കീര്‍ണ സ്വഭാവമുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടിക്ക് ലഭിക്കുന്നത്.
സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.എസ്.ആര്‍. നാഥനാണ് മമ്മൂട്ടി ഈ ചിത്രത്തില്‍. പ്രതിഭാശാലിയായ നാഥന്‍ ദീപ്തിയുമായി കണ്ടുമുട്ടുന്നതോടെ അയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളുണ്ടാകുന്നു. തന്റെ മനസില്‍ പതയുന്ന പ്രണയത്തെ അംഗീകരിക്കാനാവാതെ, മാനസിക സംഘര്‍ഷത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന ഡോ. നാഥന്‍ എന്ന കഥാപാത്രം അസാധാരണമായ അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ട് പൊലിപ്പിക്കാന്‍ മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്ന അസാധാരണമായ അവസരമാണ്.


Click it and Unblock the Notifications