നരേന് പ്രണയസാഫല്യം
യുവതാരങ്ങളില്‍ ശ്രദ്ധേയനായ നരേനും വിവാഹിതനാവുന്നു. ആഗസ്ത് 26ന് കോഴിക്കോട് വച്ചാണ് വിവാഹം. നരേന് ഇത് പ്രണയസാഫല്യം കൂടിയാണ്.
ഗായികയും അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ജൂനിയര്‍ സൂപ്പര്‍സ്റ്റാര്‍ പരിപാടിയുടെ അവതാരകയുമായ മഞ്ജുവാണ് വധു. ഒരു അഭിമുഖ സംഭാഷണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. നരേന്റെ ആദ്യ തമിഴ് ചിത്രമായ ചിത്തിരം പേശുതടിയില്‍ മഞ്ജു പാടുക കൂടി ചെയ്തതോടെ ആ ബന്ധം പ്രണയമായി മാറുകയായിരുന്നു.
കോഴിക്കോട് തൊണ്ടയാടുള്ള ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹച്ചടങ്ങ് നടക്കുന്നത്. ആഗസ്ത് 26ന് 10.30നും 11നും ഇടയിലാണ് വിവാഹം.
അബുദാബിയില്‍ ജോലി ചെയ്യുന്ന ടി.എം.രാമകൃഷ്ണന്റെയും ശാന്താ രാമകൃഷ്ണന്റെയും മകനാണ് നരേന്‍. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്രവിഭാഗം മേധാവിയായിരുന്ന പി.ടി.ഹരിദാസന്റെയും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ അധ്യാപിക ഡോ. എം.സുമതിയുടെയും മകളാണ് മഞ്ജു.


Click it and Unblock the Notifications