ബിഗ് ബി X ഛോട്ടാ മുംബൈ
കഴിഞ്ഞ വിഷുവിന് മമ്മൂട്ടിയുടെ ബിഗ് ബിയും മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈയുമാണ് ഏറ്റുമുട്ടിയത്. ഇവയില്‍ കളക്ഷനില്‍ മുന്നിലെത്തിയത് ഏതു ചിത്രമെന്ന വിഷയം സിനിമാപ്രസിദ്ധീകരണങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു. തങ്ങളുടെ ഇഷ്ടതാരത്തിന്റെ ചിത്രമാണ് കൂടുതല്‍ കളക്ഷന്‍ നേടിയതെന്ന് വാശിയോടെ അവകാശപ്പെടുന്ന ആരാധകരുടെ കത്തുകള്‍ സിനിമാപ്രസിദ്ധീകരണങ്ങളില്‍ നിരന്നു.
പക്ഷേ രണ്ടു ചിത്രത്തിനും വിഷുസീസണില്‍ ഏറ്റവും വലിയ കൊയ്ത്ത് നടത്തുന്ന ചിത്രമാകാനായില്ല. ദിലീപ് നായകനായ വിനോദയാത്രയായിരുന്നു കളക്ഷനില്‍ മുന്നിലെത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളോട് മത്സരിച്ച് ഒരു ദിലീപ് ചിത്രം മുന്നിലെത്തിയത് ആദ്യമായാണ്.
കളക്ഷനില്‍ മുന്നിലെത്തിയ രണ്ടാമത്തെ ചിത്രം ഛോട്ടാ മുംബൈ ആയിരുന്നു. ബിഗ് ബി എന്ന വ്യത്യസ്ത ശൈലിയിലുള്ള ആക്ഷന്‍ ത്രില്ലറിനേക്കാള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത് ആക്ഷനും കോമഡിയും ചേര്‍ന്ന ഛോട്ടാ മുംബൈ എന്ന തട്ടുപൊളിപ്പന്‍ മസാലയായിരുന്നു. മമ്മൂട്ടി നായകനായ രാജമാണിക്യത്തിന്റെ മഹാവിജയം സംവിധായകന്‍ അന്‍വര്‍ റഷീദിന് ആവര്‍ത്തിക്കാനായില്ലെങ്കിലും ഛോട്ടാ മുംബൈയെ സൂപ്പര്‍ഹിറ്റുകളുടെ നിരയിലെത്തിക്കാന്‍ കഴിഞ്ഞു.
2007ല്‍ മമ്മൂട്ടിക്ക് ഇതുവരെയുള്ള ഏക സൂപ്പര്‍ഹിറ്റ് ചിത്രം മായാവിയാണ്. മറ്റ് സൂപ്പര്‍താര ചിത്രങ്ങളുമായി മായാവിക്ക് മത്സരം നേരിടേണ്ടിവന്നിരുന്നില്ല.


Click it and Unblock the Notifications