ദിലീപിന്റെ ജൂലൈ വിശേഷങ്ങള്‍
തിയേറ്ററുകളില്‍ കൊയ്ത്ത് നടത്തി സൂപ്പര്‍ഹിറ്റുകളുണ്ടാക്കാന്‍ പറ്റിയ സീസണല്ലെന്നായിരുന്നു ജൂണ്‍, ജൂലൈ മാസങ്ങളെ കുറിച്ച് പൊതുവെ സിനിമക്കാരുടെ വിലയിരുത്തല്‍. തിയേറ്ററുകള്‍ അടച്ചിട്ട് അറ്റക്കുറ്റപ്പണികള്‍ ചെയ്യുന്നത് ഈ മാസങ്ങളിലായിരുന്നു. എന്നാല്‍ ജൂലൈയും ചാകര സീസണായി മാറ്റാമെന്ന് തന്റെ ഏതാനും സിനിമകളിലൂടെ ദിലീപ് തെളിയിച്ചു.
ദിലീപിന്റെ ജൂലൈ മാസത്തിലിറങ്ങിയ ചില ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായതോടെ ഈ മാസത്തെ ഓഫ് സീസണായി കരുതി സിനിമകള്‍ റിലീസ് ചെയ്യാതിരിക്കേണ്ടതില്ലെന്ന് സിനിമക്കാര്‍ക്ക് ബോധ്യപ്പെട്ടു. ഇത്തവണ ജൂലൈയില്‍ തിയേറ്ററുകളിലെത്തിയത് ഏഴ് മലയാള ചിത്രങ്ങളാണ്.
ജൂലൈ മാസത്തെ സൂപ്പര്‍ഹിറ്റുകള്‍ക്കു പറ്റിയ സീസണാക്കി മാറ്റുമെന്ന വാശി കൊണ്ടൊന്നുമല്ല ദിലീപ് ജൂലൈയില്‍ സിനിമകള്‍ റിലീസ് ചെയ്തത്. ജൂലൈ നാല് അദ്ദേഹത്തിന്റെ ജന്മദിനമാണ്. ജന്മദിനം തന്റെ ഭാഗ്യദിനമാണെന്നാണ് ദിലീപിന്റെ വിശ്വാസം.
ഈ പറക്കുംതളിക എന്ന ചിത്രത്തോടെയാണ് ദിലീപ് തന്റെ ജന്മദിനത്തില്‍ ചിത്രങ്ങള്‍ പുറത്തിറക്കുന്ന പതിവ് ആരംഭിച്ചത്. താഹ സംവിധാനം ചെയ്ത ആ ചിത്രം സൂപ്പര്‍ഹിറ്റായതോടെ ജൂലൈ നാല് തനിക്ക് മഹാഭാഗ്യം കൊണ്ടുവരുമെന്നു തന്നെ ദിലീപുറപ്പിച്ചു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മീശ മാധവന്‍, സിഐഡി മൂസ, വെട്ടം, പാണ്ടിപ്പട, ചെസ്സ് തുടങ്ങിയ ചിത്രങ്ങള്‍ കൃത്യമായി ജൂലൈ നാലിന് തന്നെ ദിലീപ് തിയേറ്ററുകളിലെത്തിച്ചു. മീശ മാധവനുമൊക്കെ സിഐഡി മൂസയുമൊക്കെ സൂപ്പര്‍ഹിറ്റുകളായി.
പക്ഷേ കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ന്നുപോരുന്ന ആ ആചാരം ഇത്തവണ ദിലീപിന് തെറ്റിക്കേണ്ടിവന്നു. ജൂലൈ നാലിന് തന്റെ ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ ദിലീപിന് കഴിഞ്ഞില്ല.


Click it and Unblock the Notifications