ദിലീപിന്റെ പുതിയ വിശേഷങ്ങള്‍
വിനോദയാത്രയിലൂടെ രണ്ടു വര്‍ഷത്തിനു ശേഷം ഒരു സൂപ്പര്‍ഹിറ്റ് സ്വന്തമാക്കിയ ദിലീപ് പുതിയ പ്രൊജക്ടുകളെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസ് മറ്റൊരു വിജയം കൂടി സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിലീപ് ആ ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാന് കഴിഞ്ഞതിന്റെ ആഹ്ലാദത്തിലുമാണ്.
അജിത്ത് തോമസ് എന്ന ടിവി ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് ദിലീപ് കല്‍ക്കത്താ ന്യൂസില്‍ അഭിനയിക്കുന്നത്. ദിലീപിന്റെ അഭിനയജീവിതത്തിലെ ഏറെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും അജിത് തോമസ്. കോമഡി നമ്പരുകള്‍ കാട്ടുന്ന സ്ഥിരം നായക വേഷത്തില്‍ നിന്നുളള മോചനമാണ് ദിലീപിന് ഈ കഥാപാത്രം.
കല്‍ക്കത്താ ന്യൂസ് പൂര്‍ത്തിയാക്കിയതിനു ശേഷം ദിലീപ് രാജസേനന്‍ സംവിധാനം ചെയ്യുന്ന റോമിയോ എന്ന ചിത്രത്തില്‍ അഭിനയിക്കും. രാജസേനന്റെ ചിത്രത്തില്‍ ആദ്യമായാണ് ദിലീപ് നായകനാവുന്നത്.
രാജസേനനന്റെ ജയറാം ചിത്രമായ സ്വപ്നലോകത്തെ ബാലഭാസ്കരന്‍ എന്ന ചിത്രത്തില്‍ ദിലീപ് ഒരു വേഷം ചെയ്തിരുന്നു. അതിനു ശേഷം ദിലീപ് രാജസേനന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇപ്പോഴാണ്. തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന കരിയര്‍ തന്നെ പ്രതിസന്ധിയിലായ രാജസേനന് ജയറാമുമായി ചേര്‍ന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്തിട്ടും കരകയറാനായില്ല. ദിലീപ് ചിത്രത്തിലാണ് ഇനി രാജസേനനന്റെ പ്രതീക്ഷ.
ചിത്രത്തിന് തിരക്കഥ രചിക്കുന്നത് റാഫി മെക്കാര്‍ട്ടിനാണ്. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതിയിട്ടുള്ള മിക്ക ചിത്രങ്ങളും ഹിറ്റായിട്ടുണ്ടെന്നത് രാജസേനന് പ്രതീക്ഷകള്‍ നല്‍കുന്നു. ഈ വര്‍ഷം റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതിയ മായാവി, തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഹലോ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി.
ചിത്രത്തിലെ നായികമാരിലൊരാള്‍ ഗോപികയാണ്. പച്ചക്കുതിരക്കു ശേഷം ദിലീപും ഗോപികയും ഒന്നിക്കുന്ന ചിത്രമാണ് റോമിയ.


Click it and Unblock the Notifications