കോമഡി വേണോ, കോമഡി
ഛോട്ടാ മുംബൈയില്‍ ചെത്തു സ്റ്റൈലില്‍ ചെത്തി നടക്കുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയായി മോഹന്‍ലാല്‍ വേഷമിട്ടപ്പോള്‍ അത് മോഹന്‍ലാലിന്റെ കോമഡി വേഷങ്ങളില്‍ നിന്നൊരു മാറ്റമായിരുന്നു. മോഹന്‍ലാലിനെ പുതിയ സ്റ്റൈലില്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് വിജയിച്ചു.
ഹലോയില്‍ റാഫി മെക്കാര്‍ട്ടിന്‍ ചെയ്തതും ഇതുതന്നെ. മോഹന്‍ലാല്‍ ചെയ്തിട്ടുള്ള കോമഡി വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ രൂപഭാവങ്ങളും മാനറിസങ്ങളുമായി ഒരു കഥാപാത്രം. അതും ക്ലിക്കായതോടെ മോഹന്‍ലാലിന് കോമഡി വേഷങ്ങളോട് പ്രിയമേറി.
ചിത്രീകരണം നടന്നുവരുന്ന റോക്ക് എന്‍ റോളിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം കോളജ് കുമാരനാണ്. ഹലോയിലും ഛോട്ടാ മുംബൈയിലും കണ്ടതു പോലെ ഒരു രസികന്‍ കഥാപാത്രമാണ് ഈ ചിത്രത്തിലും. കോളജില്‍ ക്യാന്റീന്‍ നടത്തുന്ന കുമാരനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. മുടി അല്പം ഉയര്‍ത്തിവച്ച് ലാലിന്റെ മറ്റൊരു രൂപമാറ്റം ഈ ചിത്രത്തില്‍ കാണാം.
കുമാരന്‍ കോളജിലെ ഏതു പ്രശ്നത്തിലും ഇടപെടും. വിദ്യാര്‍ത്ഥികള്‍ക്ക് അയാള്‍ ഏറെ പ്രിയങ്കരനാണ്. വിദ്യാര്‍ത്ഥിയല്ലാത്ത കുമാരന്‍ ഒരു കോളജ് കുമാരനെ പോലെ വിലസുന്നതിന്റെ രസകരമായ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍.
ചിത്രം സംവിധാനം ചെയ്യുന്നത് തുളസീദാസാണ്. നേരത്തെ മിസ്റ്റര്‍ ബ്രഹ്മചാരി എന്നൊരു ചിത്രം മോഹന്‍ലാലിനെ നായകനാക്കി തുളസീദാസ് സംവിധാനം ചെയ്തിട്ടുണ്ട്. ആ ചിത്രം പരാജയമായിരുന്നു. എന്നിട്ടും തുളസീദാസിന്റെ മറ്റൊരു കോമഡി ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്നു. ഹലോയുടെയും ഛോട്ടാ മുംബൈയുടെയും വിജയം ലാലിന്റെ തലയ്ക്കു പിടിച്ചോ?


Click it and Unblock the Notifications











