ഹലോ Vs അലിഭായി
ഓണത്തിന് ഒരാഴ്ച കൂടി ബാക്കി നില്‍ക്കുമ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ മത്സരം രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തമ്മിലാണ്. സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഹലോയും ആഗസ്ത് 15ന് പ്രദര്‍ശനത്തിനെത്തിയ അലിഭായിയും തമ്മിലാണ് ഇപ്പോള്‍ ബോക്സോഫീസില്‍ മത്സരിക്കുന്നത്.
ജൂലൈയില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയത് ഹലോയാണ്. ഹലോ ഇപ്പോഴും എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും പ്രദര്‍ശനം തുടരുന്നു. ജൂലൈ റിലീസുകളില്‍ ഹലോയും അറബിക്കഥയും മാത്രമാണ് വിജയം നേടിയത്.
ആഗസ്തില്‍ ആദ്യത്തെ ഓണച്ചിത്രമായി പ്രദര്‍ശനത്തിനെത്തിയത് അലിഭായിയാണ്. മറ്റ് ഓണച്ചിത്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ റിലീസ് ചെയ്യാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ഇപ്പോള്‍ മത്സരം സൂപ്പര്‍ഹിറ്റെന്ന നിലയില്‍ പ്രേക്ഷകാംഗീകാരം നേടിക്കഴിഞ്ഞ ഹലോയും ആരാധകരെ ആകര്‍ഷിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ത്തെത്തിയിരിക്കുന്ന അലിഭായിയും തമ്മിലാണ്.
മമ്മൂട്ടിയുടെ ഒരേ കടല്‍, സുരേഷ് ഗോപിയുടെ കിച്ചാമണി, പുതുമുഖ ചിത്രമായ നിവേദ്യം എന്നിവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ഓണച്ചിത്രങ്ങള്‍. ഇവ തിയേറ്ററുകളിലെത്തിയാലും ഹലോ മിക്ക റിലീസിംഗ് കേന്ദ്രങ്ങളിലും തുടരും. മമ്മൂട്ടി നായകനായ ഒരേ കടല്‍ സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെന്നതിനാല്‍ ഓണത്തിനും പ്രധാന മത്സരം അലിഭായിയും ഹലോയും തമ്മിലായിരിക്കും.
ഒരു നടനെ സംബന്ധിച്ച് ഇതൊരു വമ്പന്‍ നേട്ടം തന്നെയാണ്. ചലച്ചിത്ര വ്യവസായം ഏറ്റവും വലിയ സീസണായി കാണുന്ന ഓണത്തിന് ഒരു നടന്റെ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ കളക്ഷനില്‍ മുന്നിലെത്താന്‍ മത്സരിക്കുകയെന്നത് സാധാരണമല്ല. എന്നാല്‍ മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഇത് ആദ്യമല്ല.


Click it and Unblock the Notifications