കാല്‍ മടക്കിയടിച്ചത് മതിയായില്ലേ ലാലേട്ടാ.........
പക്ഷേ തിരുവോണമാവുന്നതിനു മുമ്പേ അലിഭായി എന്ന വീരനായകന്‍ ബോക്സോഫീസില്‍ മുടന്താന്‍ തുടങ്ങി. തുടര്‍ച്ചയായ രണ്ട് സൂപ്പര്‍ഹിറ്റുകളുമായി ഈ വര്‍ഷം താരമൂല്യത്തിന്റെ ഉയരങ്ങളിലെത്തി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഈ ചിത്രം ഒരു വിജയമാവില്ലെന്ന് പ്രേക്ഷകരുടെ പ്രതികരണവും തിയേറ്ററുകളിലെ കളക്ഷന്‍ നിലയും വ്യക്തമാക്കുന്നു. ഒരു ഡസനോളം ചിത്രങ്ങളില്‍ കണ്ടതൊക്കെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലും ആവര്‍ത്തിക്കുന്നത്.
സവാരിഗിരിഗിരി, പോ മോനേ ദിനേശാ, നീ വെറും ശിശുവാണ്.... ഷാജി കൈലാസ് മോഹന്‍ലാലിന്റെ വീരനായകന്റെ വായില്‍ സ്ഥിരമായി വച്ചുകൊടുക്കാറുള്ളതാണ് ഇത്തരം നമ്പരുകള്‍. അലിഭായിയിലും മോഹന്‍ലാല്‍ ഇടയ്ക്കിടെ പറയുന്ന ഒരു ഡയലോഗുണ്ട്- ബേജറാകല്ലേ കോയാ... കോഴിക്കോട്ടുകാരനായ അലിഭായി എന്ന നായകന്‍ കോഴിക്കോടന്‍ ശൈലിയില്‍ ഇടയ്ക്കിടെ പറയുന്ന ഒരു വാചകം. പക്ഷേ ആരവങ്ങളോടെയെത്തിയ അലിഭായിയുടെ ബോക്സോഫീസ് നില കണ്ട് ഇപ്പോള്‍ ബേജാറിലായിരിക്കുന്നത് മോഹന്‍ലാലാണ്.
വമ്പന്‍ ആരവങ്ങളോടെയാണ് അലിഭായി പ്രദര്‍ശനം ആരംഭിച്ചത്. 75 തിയേറ്ററുകളില്‍ ഒന്നിച്ച് റിലീസ് ചെയ്യുന്നുവെന്ന റെക്കോഡോടെ തുടങ്ങിയ ഈ ചിത്രത്തിന്റെ പ്രദര്‍ശനം മിക്ക റിലീസിംഗ് കേന്ദ്രങ്ങളിലും ഒരു തിയേറ്ററില്‍ മാത്രമാക്കി പരിമിതപ്പെടുത്തി കഴിഞ്ഞു. പ്രേക്ഷകരുടെ വമ്പന് തിരക്കുണ്ടാവുമെന്ന കണക്കുക്കൂട്ടലില്‍ ഒന്നില്‍ കൂടുതല്‍ തിയേറ്ററുകളിലായാണ് പല റിലീസിംഗ് കേന്ദ്രങ്ങളിലും അലിഭായിയുടെ പ്രദര്‍ശനം തുടങ്ങിയത്. പക്ഷേ ഛോട്ടാ മുംബൈ, ഹലോ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം മോഹന്‍ലാലിന് പരാജയത്തിന്റെ അപ്രതീക്ഷിതമായ ആഘാതമാവുകയാണ് അലിഭായി. കഥയിലോ അവതരണത്തിലോ യാതൊരു പുതുമയുമില്ലാതെ, നായകന്റെ കസര്‍ത്തുകള്‍ക്കു മാത്രമായൊരുക്കിയ രംഗങ്ങള്‍ ഒട്ടിച്ചുവച്ച ചിത്രമാണ് അലിഭായി.
മുണ്ടു മടക്കികുത്തി കാല്‍ വീശിയടിച്ചത് മതിയായില്ലേ ലാലേട്ടാ? കഥയിലോ അവതരണത്തിലോ യാതൊരു പുതുമയുമില്ലാതെ നായകന്റെ കസര്‍ത്തുകള്‍ക്കു മാത്രമായി തട്ടിക്കൂട്ടിയാക്കിയ രംഗങ്ങള്‍ മാത്രമുള്ള അലിഭായി കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം ഇതാണ്.
മുണ്ടു മടക്കികുത്തി കാല്‍ വീശിയടിക്കുന്നതിലെ രസം അത് ചെയ്യുന്ന ലാലും ചെയ്യിക്കുന്ന ഷാജി കൈലാസും ഇനിയും ആസ്വദിക്കുമായിരിക്കും. പക്ഷേ അത് കൊള്ളുന്നത് കോടികള്‍ പൊടിച്ചുണ്ടാക്കുന്ന നിര്‍മാതാവിന്റെ ചെകിട്ടത്താണെന്ന് ഇരുവരും ഓര്‍ത്തിരിക്കുന്നത് നന്ന്. ഷാജിയോര്‍ത്തില്ലെങ്കിലും ലാല്‍ നിര്‍ബന്ധമായും ഓര്‍ത്തേ പറ്റൂ. കാരണം അലിഭായി നിര്‍മിച്ചിരിക്കുന്നത് മറ്റാരുമല്ല, മോഹന്‍ലാലിന്റെ ബിനാമിയായ ആന്റണി പെരുമ്പാവൂരാണ്.


Click it and Unblock the Notifications