ഓണക്കൊയ്ത്തില്‍ ആര് മുന്നിലെത്തും?
മോഹന്‍ലാല്‍ ഒരു പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന രാംഗോപാല്‍ വര്‍മ കി ആഗ് എന്ന ഹിന്ദി ചിത്രം ആഗസ്ത് 31 വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തുന്നത്. അവിട്ടം, ചതയം ദിനങ്ങള്‍ക്കു ശേഷം വ്യാഴം, വെള്ളി ദിവസങ്ങളോടെയാണ് സിനിമക്കാരുടെ ഓണസീസണ്‍ യഥാര്‍ത്ഥത്തില്‍ സജീവമാവുന്നത്.
ഒരു ഹിന്ദി ചിത്രത്തിന് ഓണസീസണില്‍ എത്രമാത്രം മുന്നോട്ടുപോകാനാവും? ചോദ്യം പ്രസക്തമാണ്. എങ്കിലും മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന രാംഗോപാല്‍ വര്‍മ കി ആഗിന് കേരളത്തിലെ സിനിമാവിപണിയില്‍ കൊയ്ത്ത് നടത്താനുള്ള സാധ്യതകളുണ്ട്.
ഹിന്ദി സിനിമ കണ്ട എക്കാലത്തെയും വലിയ കൂറ്റന്‍ ഹിറ്റുകളിലൊന്നായ ഷോലെയുടെ റീമേക്കാണ് രാംഗോപാല്‍ വര്‍മ കി ആഗ്. കേരളത്തിലും വമ്പന്‍ പ്രദര്‍ശന വിജയം കൈവരിച്ച ചിത്രമായിരുന്നു ഷോലെ. ഷോലെയുടെ റീമേക്കില്‍ സഞ്ജീവ് കുമാര്‍ അവതരിപ്പിച്ച പൊലീസ് ഓഫീസറായ താക്കൂറിന്റെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
പഴയകാല ഹിറ്റ് ചിത്രമായ ഡോണിന്റെ റീമേക്കിന് ഡോണ്‍ എന്ന പേര് തന്നെ നല്‍കിയതു പോലെ ഷോലെയുടെ റീമേക്കിനും ഷോലെ എന്ന പേര് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഷോലെയുടെ നിര്‍മാതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാംഗോപാല്‍ വര്‍മ കി ഷോലെ എന്ന പേര് നല്‍കാനാമെന്ന് പിന്നീട് തീരുമാനിച്ചെങ്കിലും ഷോലെയുടെ നിര്‍മാതാവ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഒടുവില്‍ പേര് രാംഗോപാല്‍ വര്‍മ കി ആഗ് എന്നായി.
രാംഗോപാല്‍ വര്‍മയുടെ ചിത്രത്തില്‍ ഷോലെയിലെ വില്ലന്‍ കഥാപാത്രത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അമിതാഭ് ബച്ചനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകവേഷമല്ലെങ്കിലും മോഹന്‍ലാലിന്റെ നരസിംഹ എന്ന പൊലീസ് ഓഫീസര്‍ കഥാപാത്രത്തിന് ആഗില്‍ ഏറെ പ്രാധാന്യമുണ്ട്.
കേരളത്തിലെ 25 കേന്ദ്രങ്ങളിലാണ് രാംഗോപാല്‍ വര്‍മ കി ആഗ് റീലീസ് ചെയ്യുന്നത്. ലാലിന്റെ സാന്നിധ്യം രാംഗോപാല്‍ വര്‍മ കി ആഗിന് കേരളത്തില്‍ വിജയമൊരുക്കുമോ?


Click it and Unblock the Notifications