പടം മോശമായാലും പണം വാരണം
നല്ല കഥയും മികച്ച സംവിധാനവും താരനിരയുടെ സാന്നിധ്യവുമുണ്ടായാല്‍ ഒരു സിനിമ ഓടുമോ? യാതൊരു ഉറപ്പുമില്ല. മാര്‍ക്കറ്റിംഗും മികച്ചതായാല്‍ മാത്രമേ ഒരു സിനിമയുടെ പ്രകടനം ബോക്സോഫീസില്‍ മികച്ചതാവൂ.
ഏതുത്പന്നത്തിന്റെയും വിപണിവിജയം നിര്‍ണയിക്കുന്നത് മാര്‍ക്കറ്റിംഗാണെന്ന പുത്തന്‍ പാഠം ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ സിനിമ എന്ന ഉത്പന്നവും വിപണിയിലെത്തുന്നത്. സിനിമ മികച്ചതല്ലെങ്കിലും മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ മായാജാലത്തിലൂടെ പരമാവധി പ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ച് എങ്ങനെ പണം വാരാമെന്ന കാര്യത്തില്‍ ഇപ്പോള്‍ സിനിമാവ്യവസായം ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ആ ഗവേഷണത്തിന്റെ ഏറ്റവും വലിയ ഫലമാണ് ശിവാജിയുടെ വിജയത്തില്‍ കണ്ടത്. ശരാശരിയില്‍ താഴെ നിലവാരമുള്ള ചിത്രമായിരുന്നിട്ടും മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ പ്രചാരണതന്ത്രത്തിലൂടെ ശിവാജി ബ്രഹ്മാണ്ഡ വിജയമായി. രജനീകാന്ത് എന്ന സൂപ്പര്‍താരത്തെ കാണാന്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുള്ള ലോകത്തിന്റെ ഏതു മൂലയില്‍ നിന്നും പരമാവധി പണം പോക്കറ്റിലാക്കാന്‍ ശിവാജിയുടെ വിതരണക്കാര്‍ക്ക് കഴിഞ്ഞു. പടം കൊള്ളില്ലെന്ന് പ്രേക്ഷകര്‍ പറഞ്ഞുതുടങ്ങിയപ്പോഴേക്കും സിനിമ റെക്കോഡ് വിജയമാവുന്ന മാര്‍ക്കറ്റിംഗ് മായാജാലമാണ് ശിവാജിയുടെ കാര്യത്തില്‍ കണ്ടത്. പ്രചാരണവലയം സൃഷ്ടിച്ച് പ്രേക്ഷകരെ കബളിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രം.
ഈ തന്ത്രത്തെ മാതൃകയാക്കി പണം കൊയ്യാനുള്ള ശ്രമം ഇപ്പോള്‍ മലയാള സിനിമാ വ്യവസായവും പരീക്ഷിക്കുകയാണ്. മോഹന്‍ലാലിനെ മലയാളത്തിന്റെ രജനീകാന്താക്കി നരസിഹമെടുക്കുകയും പിന്നീട് പല സിനിമകളിലായി നരസിംഹ ലീല ലാലിനെ കൊണ്ട് ആവര്‍ത്തിപ്പിക്കുകയും ചെയ്ത ഷാജി കൈലാസ് തന്റെ പുതിയ ചിത്രത്തിന്റെ മാര്‍ക്കറ്റിംഗിലും രജനീകാന്ത് ചിത്രത്തെ അനുകരിക്കുന്നതാണ് കണ്ടത്.
വന്‍പ്രചാരണ കോലാഹലങ്ങളോടെയാണ് ഷാജി കൈലാസിന്റെ മോഹന്‍ലാല്‍ ചിത്രമായ അലിഭായി ഓണച്ചിത്രമായി തിയേറ്ററുകളിലെത്തിയത്. ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കിയ ശിവാജിയുടെ മാര്‍ക്കറ്റിംഗില്‍ കണ്ട തന്ത്രങ്ങള്‍ പിന്തുടര്‍ന്ന് പരമാവധി തിയേറ്ററുകളില്‍ ചിത്രമെത്തിക്കുകയെന്ന തന്ത്രം അലിഭായിയുടെ വിതരണക്കാര്‍ പയറ്റി. 75 തിയേറ്ററുകളിലാണ് അലിഭായി റിലീസ് ചെയ്തത്. ഏറ്റവും കൂടുതല്‍ തിയേറ്ററുകളിലായി റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമെന്ന റെക്കോഡ് ഇതിലൂടെ അലിഭായിക്ക് കിട്ടി.
ആദ്യദിവസങ്ങളില പ്രചാരണ കോലാഹലങ്ങളിലൂടെ പരമാവധി പണം അലിഭായി വാരി. ചിത്രത്തിന്റെ പ്രദര്‍ശനം മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ തന്നെ ഒരു കോടി 86 ലക്ഷം രൂപയായിരുന്നു ഗ്രോസ് കളക്ഷന്‍. റിലീസിംഗ് ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രമെന്ന റെക്കോഡും അലിഭായിക്ക് അവകാശപ്പെട്ടതായി.
പക്ഷേ ആ ചിത്രം തന്നെയാണ് സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും തിയേറ്ററുകളിലെ പകുതിയിലേറെ സീറ്റുകളും ഒഴിഞ്ഞ നിലയില്‍ പ്രദര്‍ശനം നടത്തേണ്ടി വന്നത് എന്നതാണ് കൗതുകകരം. ഒരാഴ്ച പിന്നിടുമ്പോഴേക്കും അലിഭായിയെ പ്രേക്ഷകര്‍ തള്ളിപ്പറഞ്ഞു. 75ല്‍ മുപ്പതോളം തിയേറ്ററുകളിലെയും പ്രദര്‍ശനം മതിയാക്കി.
ശിവാജിയുടെ മാര്‍ക്കറ്റിംഗ് തന്ത്രം പിന്തുടര്‍ന്ന അലിഭായിക്ക് ഏറ്റവും കൂടുതല്‍ തിയേറ്ററുകളിലായി റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമെന്ന റെക്കോഡും റിലീസിംഗ് ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച മലയാള ചിത്രമെന്ന റെക്കോഡും സ്വന്തമാക്കാനായെങ്കിലും ഈ വര്‍ഷത്തെ പരാജയപ്പെടുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രമെന്ന വിശേഷണമാണ് ഒടുവില്‍ ചാര്‍ത്തിക്കിട്ടിയത്.


Click it and Unblock the Notifications