കോളജിന്റെ കുമാരനായി ലാല്‍
കുമാരന്‍ മഹാത്മാ കോളജിന്റെ സ്വന്തം കുമാരനാണ്. കോളജ് കാന്റീന്‍ നടത്തിപ്പുകാരനായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള അവരുടെ സ്വന്തം കുമാരേട്ടനാണ്. കോളജിലെ ഏത് ആഘോഷവേളയിലും കുമാരന്‍ അവിഭാജ്യ ഘടകമാണ്. കുമാരനില്ലാതെ അവര്‍ക്ക് ആഘോഷങ്ങളില്ല.
മഹാത്മാ കോളജില്‍ ഇംഗ്ലീഷ് ലക്ചററായി നിയമനം ലഭിച്ചെത്തിയ മാധവി മേനോന് കുമാരന് ആ കോളജിലുള്ള സ്ഥാനം ഉള്‍ക്കൊള്ളാനാവുന്നില്ല. കോളജിലെ കാര്യങ്ങളില്‍ അയാള്‍ അമിതസ്വാതന്ത്ര്യത്തോടെ ഇടപെടുന്നത് അവര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ജോലിക്ക് ചേരാനായി കോളജിലേക്ക് വരുന്ന വഴിയില്‍ ഒരാളെ കുമാരന്‍ ഇടിക്കുന്ന കാഴ്ചയാണ് മാധവി കണ്ടത്. കോളജിലെത്തിയപ്പോള്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും അവിടെ വിലസുന്നയാളാണ് കുമാരനെന്ന് മനസിലായി. അതൊരു തരത്തിലും ഉള്‍ക്കൊള്ളാന്‍ മാധവിക്ക് കഴിഞ്ഞില്ല.
കുമാരനുമായുള്ള പോരിന് മാധവി തുടക്കം കുറിച്ചു. കോളജിലെ കാര്യങ്ങളില്‍ കുമാരന്‍ ഇടപെടുന്നതിനെ അവര്‍ ചോദ്യം ചെയ്തു. പ്രിന്‍സിപ്പാലിന്റെ മുന്നിലും മാധവി ഈ പ്രശ്നമുന്നയിച്ചു. എന്നാല്‍ കുമാരനോടുള്ള മാധവിയുടെ മനോഭാവത്തില്‍ മാറ്റം വരാന്‍ ഏറെ നാളുകള്‍ വേണ്ടിവന്നില്ല. അത് പതുക്കെ കോളജിലെ കാന്റീന്‍ നടത്തിപ്പുകാരനോട് കോളജ് അധ്യാപികയ്ക്കുള്ള പ്രണയമായി മാറുകയായിരുന്നു.
തുളസീദാസ് സംവിധാനം ചെയ്യുന്ന കോളജ് കുമാരന്‍ എന്ന ചിത്രത്തില്‍ കുമാരനായി മോഹന്‍ലാലും മാധവി മേനോനായി വിമലാ രാമനുമാണ് അഭിനയിക്കുന്നത്. കൂടുതല്‍ ചെറുപ്പം തോന്നുന്ന തരത്തില്‍ വേഷത്തിലും ഹെയര്‍ സ്റ്റൈലിലുമൊക്കെ മാറ്റം വരുത്തിയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രസകരമായ മുഹൂര്‍ത്തങ്ങളും ആക്ഷനുമൊക്കെയായി വാണിജ്യ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളോടെയുമാണ് ഈ ചിത്രമൊരുക്കുന്നത്.
ബാലചന്ദ്രമേനോന്‍, ജനാര്‍ദ്ദനന്‍, നെടുമുടി വേണു, വിജയരാഘവന്‍, സിദ്ദിഖ്, സായികുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ബാബു നമ്പൂതിരി, സൈജു കുറുപ്പ്, റിസബാവ, ബൈജു, വേണു നാഗവള്ളി, സുജാ മേനോന്‍, സജിതാ ബേട്ടി, അംബികാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
സുരേഷ് പൊതുവാളാണ് ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വേണുഗോപാലന്‍. ഷിബു ചക്രവ. ര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു


Click it and Unblock the Notifications