ഒഴിഞ്ഞ തിയേറ്ററുകളിലെ ഓണാഘോഷം
ഓണത്തിന് റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും പരാജയപ്പെടുന്ന വാണിജ്യപരമായ ദുരന്തത്തിന് അടുത്തൊന്നും മലയാള സിനിമക്ക് സാക്ഷിയാകേണ്ടി വന്നിട്ടില്ല. നാല് സൂപ്പര്‍ഹിറ്റുകളുമായി അര്‍ദ്ധവര്‍ഷം കൊണ്ടാടിയ മലയാള സിനിമാ വ്യവസായം ഏറ്റവും കൂടുതല്‍ കളക്ഷന്‍ വാരുന്ന ഓണസീസണ്‍ അന്യഭാഷാ ചിത്രങ്ങള്‍ക്ക് അടിയറ വയ്ക്കേണ്ടി വന്നത് നിര്‍മാതാക്കളുടെയും സംവിധായകരുടെയും ദൂരക്കാഴ്ചയില്ലായ്മയും ഭാവനാരാഹിത്യവും മൂലമാണ്.
നാലും അഞ്ചും ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ഓണസീസണില്‍ എല്ലാ ചിത്രങ്ങളും വിജയിക്കണമെന്നില്ല. എന്നാല്‍ ഒരു ചിത്രമെങ്കിലും സൂപ്പര്‍വിജയം നേടി ഉത്സവാന്തരീക്ഷം ആഘോഷമയമാക്കാറുണ്ട്. 2006ല്‍ ക്ലാസ് മേറ്റ്സ്, 2005ല്‍ നരന്‍, ചാന്തുപൊട്ട്, 2004ല്‍ കാഴ്ച, 2003ല്‍ ബാലേട്ടന്‍.........കഴിഞ്ഞ വര്‍ഷങ്ങളിലെ ഓണസീസണുകളില്‍ സൂപ്പര്‍വിജയം നേടി മലയാള സിനിമാ വ്യവസായത്തിന് ആവേശം പകര്‍ന്ന ചിത്രങ്ങളാണിവ.
എന്നാല്‍ ഇത്തവണ ഓണത്തിനെത്തിയ ഒരു ചിത്രം പോലും വിജയം നേടാതെ പരാജയദുരന്തത്തിലേക്ക് വഴുതിവീഴുന്ന ഓണക്കാഴ്ചയാണ് മലയാള സിനിമ സമ്മാനിച്ചത്. അതിനിടിയില്‍ ചില അന്യഭാഷാ ചിത്രങ്ങള്‍ ഓണം സീസണിന്റെ ആനുകൂല്യങ്ങള്‍ മുതലാക്കി കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും വന്‍കളക്ഷന്‍ കൊയ്തെടുക്കുകയും ചെയ്തു.
;


Click it and Unblock the Notifications