ലോഹിതദാസിന്റെ കണ്ടം ബെച്ച കോട്ട്
ഓണം പോലൊരു സീസണില്‍ സൂപ്പര്‍ താര ചിത്രങ്ങളോട് മത്സരിച്ചാണ് കഴിഞ്ഞ വര്‍ഷം ക്ലാസ് മേറ്റ്സ് എന്ന യുവതാര ചിത്രം വന്‍വിജയം നേടിയത്. ആ ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍ ഒരു മികച്ച സംവിധായകന്റെയും എഴുത്തിന്റെ മര്‍മറിയുന്ന തിരക്കഥാകൃത്തിന്റെയും കൂട്ടുകെട്ടുണ്ടായിരുന്നു.
ക്ലാസ് മേറ്റ്സ് നേടിയതു പോലൊരു വിജയം കൊയ്തുകളയാമെന്ന കണക്കുകൂട്ടലോടെയാണോ ഇത്തവണ ലോഹിതദാസ് പുതുമുഖങ്ങളെ അണിനിരത്തി നിവേദ്യം എന്ന ചിത്രവുമായി ഓണത്തിനെത്തിയത്? അതെന്തായാലും ഈയോണം ലോഹിതദാസിനും പരാജയത്തിന്റെ കയ്പുനീരാണ് സമ്മാനിച്ചത്.
തന്റെ തന്നെ പഴയ ചിത്രങ്ങളില്‍ നിന്നുള്ള കഷ്ണങ്ങള്‍ ഒട്ടിച്ചുചേര്‍ത്ത് ലോഹിതദാസ് ഉണ്ടാക്കിയിരിക്കുന്ന കണ്ടം ബെച്ച കോട്ടാണ് നിവേദ്യം. പ്രതിഭ വറ്റിയാല്‍ പഴയ നമ്പരുകളൊക്കെ വീണ്ടും പല സ്ഥാനങ്ങളിലായി പ്രതിഷ്ഠിച്ച് സിനിമ തട്ടിക്കൂട്ടുക എന്ന കലാപരിപാടി ആദ്യമായല്ലല്ലോ പ്രേക്ഷകര്‍ കാണുന്നത്.
അത്തരം ചിത്രങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ളതു തന്നെ നിവേദ്യത്തിനു സംഭവിച്ചതും. മിനിമം കളക്ഷന്‍ പോലും നേടാനാവാതെ ഈ ചിത്രം സിനിമക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഹോള്‍ഡ് ഓവറായി. ചക്രത്തിനും ചക്കരമുത്തിനു ശേഷം ലോഹിതദാസിന്റെ തൊപ്പിയില്‍ പരാജയത്തിന്റെ മറ്റൊരു തൂവല്‍ കൂടി!


Click it and Unblock the Notifications