പ്രേക്ഷകരെ ഇങ്ങനെ ശിക്ഷിക്കണോ?
സുരേഷ് ഗോപി ഇതുവരെ കോമഡി വേഷം കൈകാര്യം ചെയ്തിട്ടില്ല. ബോക്സോഫീസ് ദുരന്തമായി മാറിയ ടൈം എന്ന ചിത്രത്തിലെ ചില രംഗങ്ങളില്‍ സുരേഷ് ഗോപി സംഭാഷണം പറയുന്ന ശൈലിയിലും മറ്റും കോമഡി കലര്‍ത്താനുള്ള വിഫലശ്രമം നടത്തുന്നതു കാണാം. തനിക്കും കോമഡി ആയാലെന്ത് എന്ന തോന്നലില്‍ നിന്നാണെന്ന് തോന്നുന്നു സമദ് മങ്കട എന്ന നവാഗത സംവിധായകന്റെ ചിത്രത്തില്‍ സുരേഷ് ഗോപി തല വച്ചുകൊടുത്തത്.
എന്നും പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ട് തോക്കെടുത്ത് അലറിയാല്‍ ഏത് സുരേഷ് ഗോപിയെയും പ്രേക്ഷകര്‍ക്ക് മടുക്കും. അങ്ങനെയാണ് മൂന്നാ നാല് കൊല്ലം അദ്ദേഹം വീട്ടിലിരിക്കേണ്ടി വന്നത്. ഒരേ ശൈലിയില്‍ കുറെ കഥാപാത്രങ്ങള്‍ ചെയ്ത് ബോറടിപ്പിച്ചുകൊണ്ടിരുന്ന സൂപ്പര്‍താരത്തിന് പ്രേക്ഷകര്‍ നല്‍കിയ ഒരു ശിക്ഷയായിരുന്നു അത്.
വ്യത്യസ്തത വേണമെന്ന് സുരേഷ് ഗോപിക്കും ആഗ്രഹമുണ്ടെന്ന് കിച്ചാമണി എംബിഎ കാണുമ്പോള്‍ ബോധ്യമാവും. പൊലീസ് വേഷത്തില്‍ സ്ലോ മോഷനില്‍ മസില് പിടിച്ച് നടന്നും കവിള്‍ വിറപ്പിച്ച് സംഭാഷണങ്ങള്‍ അലറിയും അദ്ദേഹത്തിന് മടുത്തെന്നു തോന്നുന്നു. എങ്കില്‍ വ്യത്യസ്തതയ്ക്കായി എന്തു ചെയ്യാം? അല്പം കോമഡി തന്നെയാവാം.
വ്യത്യസ്തത വേണമെന്ന് സുരേഷ് ഗോപിക്കും ആഗ്രഹമുണ്ടെങ്കിലും വ്യത്യസ്തത എന്നത് തനിക്ക് ചെയ്യാന്‍ പറ്റാത്തത് ചെയ്യുക എന്നതല്ലയെന്ന സാമാന്യബോധം ഇനിയും അദ്ദേഹത്തിന് കൈവന്നിട്ടില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടി കിച്ചാമണിയായി ഈ സാഹസമൊക്കെ അദ്ദേഹം കാട്ടിക്കൂട്ടുന്നത്.
ഈ ഓണച്ചിത്രം കാണാനായി തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ ബോറടിയുടെ കുന്തമുനയില്‍ നിര്‍ത്തി അദ്ദേഹം ശരിക്കും ശിക്ഷിച്ചു തന്നെ വിടുന്നുണ്ട്. മുമ്പ് പ്രേക്ഷകര്‍ തനിക്കു നല്‍കിയ ശിക്ഷയ്ക്ക് പ്രതികാരം തീര്‍ത്തതാവാം.
അടുത്ത പേജ്


Click it and Unblock the Notifications