മോഹന്‍ലാലിന്റെ മിഥുന്‍ മാധവന്‍
സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഫ്ലാഷില്‍ മിഥുന്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കാഞ്ഞങ്ങാടും കോഴിക്കോടുമായാണ് ഫ്ലാഷ് ചിത്രീകരിക്കുന്നത്.
മുംബൈയില്‍ ഐടി ബിസിനസ് ചെയ്യുന്ന മിഥുന്‍ മാധവന്‍ ഒരു അവധിക്കാലം ആഘോഷിക്കാനാണ് കാഞ്ഞങ്ങാട്ടെ തറവാട്ടിലെത്തുന്നത്. ഇവിടെ വച്ച് ധ്വനി എന്ന പെണ്‍കുട്ടിയെ മിഥുന്‍ കാണുന്നു. അവളുടെ രീതികള്‍ അവര്‍ക്ക് കൗതുകമായി. ഒരു പ്രത്യേക സാഹചര്യത്തിലാണ് അവര്‍ കണ്ടുമുട്ടിയത്. ആദ്യത്തെ കൂടിക്കാഴ്ചയോടെ തന്നെ ധ്വനി മിഥുനെ ശത്രുവായി കാണാന്‍ തുടങ്ങി.
നാട്ടിലെ കളരിത്തൊട്ടി തറവാട്ടിലെ ഒരു പ്രശ്നം മിഥുന് ഏറ്റെടുക്കേണ്ടിവന്നു. അപ്പോഴാണ് ധ്വനി കളരിത്തൊട്ടി തറവാട്ടിലെ അംഗമാണെന്ന് മിഥുന്‍ മനസിലാക്കുന്നത്. വളരെ സങ്കീര്‍ണമായ പ്രശ്നമാണ് മിഥുന് പരിഹരിക്കാനുണ്ടായിരുന്നത്.
ധ്വനിയെ അവതരിപ്പിക്കുന്നത് നോട്ട്ബുക്ക്, വിനോദയാത്ര എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച പാര്‍വതിയാണ്. ഇന്ദ്രജിത്ത്, മണിക്കുട്ടന്‍, ജഗതി, സിദ്ദിഖ്, സായികുമാര്‍, ജഗദീഷ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, പി.ശ്രീകുമാര്‍, ബിജുകുട്ടന്‍, ശ്രീലത തുടങ്ങിയവരും അഭിനയിക്കുന്നു.


Click it and Unblock the Notifications