ബൂട്സിനു പിന്നിലെ രഹസ്യമെന്ത്?
22 ദിവസം കൊണ്ടാണ് ഷാജി കൈലാസ്- സുരേഷ് ഗോപി ചിത്രം ബൂട്സ് പൂര്‍ത്തിയാക്കിയത്. കൊട്ടിഘോഷങ്ങളോ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളില്‍ വമ്പന്‍ കവര്‍ സ്റ്റോറികളോ ഇല്ലാതെ ഒരു ഷാജി കൈലാസ്- സുരേഷ് ഗോപി ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കുന്നത് ആദ്യമായിട്ടാണ്.
ഇടുക്കിയിലെ ഹൈറേഞ്ചുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗിനെ കുറിച്ചുള്ള കാര്യമായ വിവരങ്ങളൊന്നും ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. ചിത്രത്തിന്റെ സ്റ്റില്‍സും പുറത്തുവിട്ടില്ല. സിനിമാരംഗത്തെ സംബന്ധിച്ചിടത്തോളം വളരെ നിശബ്ദമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.
മീഡിയയെ അറിയിക്കാതെ, പരസ്യ കോലാഹലങ്ങളില്ലാതെ ഇങ്ങനെയൊരു ചിത്രം 22 ദിവസത്തിനുള്ളില്‍ ഷാജി കൈലാസ് പൂര്‍ത്തിയാക്കിയതിനു പിന്നിലെ ചേതോവികാരമെന്താണ്? ചിത്രത്തിന്റെ കഥയും പുറത്തുവിട്ടിട്ടില്ല. പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ ചിത്രത്തില്‍ ബാല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ദുരന്ത പ്രണയമാണ് കഥയായി കൊടുത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ കഥാപാത്രത്തെ കുറിച്ച് ഒന്നും പറയുന്നതേയില്ല!
ഷാജി കൈലാസ് ചിത്രങ്ങളില്‍ പൊലീസ് വേഷത്തിലാണ് സുരേഷ് ഗോപി സ്ഥിരമായി പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിലും അങ്ങനെയാണോ? അണിയറ പ്രവര്‍ത്തകര്‍ അതും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ കഥാപാത്രത്തെ കുറിച്ച് യാതൊന്നും പുറത്തുവിട്ടിട്ടില്ല.
കഥ പോലും പുറത്തുവിടാത്ത തരത്തില്‍ ബൂട്ട്സിനെ ചുറ്റിപ്പറ്റി ഷാജി കൈലാസ് ഒരു രഹസ്യ സ്വഭാവം സൃഷ്ടിച്ചിരിക്കുന്നത് എന്തിനാണ്? പ്രേക്ഷകരില്‍ ആകാംക്ഷ സൃഷ്ടിക്കാനുള്ള ഒരു തന്ത്രം മാത്രമാണോ ഇത്?
ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് ജയരാമനാണ്. സുരേഷ് ഗോപിയെയും ബാലയെയും കൂടാതെ ഹണി, മുരളി, മണിയന്‍പിള്ള രാജു, രാജന്‍ പി.ദേവ്, റിസബാവ, ഭീമന്‍ രഘു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications