കിങ്-കമ്മീഷണര്‍ കിതയ്ക്കുന്നു;ഒപ്പം മാസ്റ്റേഴ്‌സും
വേനലവധിയുടെ ആദ്യദിനങ്ങളിലെത്തിയ കിങ് ആന്റ് കമ്മീഷണറും മാസ്റ്റേഴ്‌സും ഉന്നമിട്ടത് മലയാളിയുടെ വിഷുക്കാലം തന്നെ. സമ്മര്‍ വെക്കേഷന്റെ ആദ്യദിനങ്ങളില്‍ യുവപ്രേക്ഷകരും വിഷുവിന് കുടുംബപ്രേക്ഷകരും ചിത്രം കാണാനെത്തുമെന്നായിരുന്നു ഈ സിനിമകളുടെ അണിയറക്കാര്‍ കരുതിയിരുന്നത്.

ഏറെക്കാലത്തിനു് ശേഷം ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ ടീം ഒന്നിച്ച കിങ് ആന്റ് കമ്മീഷണര്‍ പക്ഷേ പ്രതീക്ഷിച്ച കുതിപ്പ ലഭിയ്ക്കാതെ നിന്ന് കിതയ്ക്കുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ കാണുന്നത്. ഈ കൂട്ടുകെട്ടിന്റെ നേരത്തെയുള്ള ഹിറ്റുകളായ ദ് കിങ് എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് എന്ന ഐഎഎസ് ഉദ്യോഗസ്ഥനും കമ്മീഷണറിലെ സുരേഷ്‌ഗോപി തീപ്പൊരി പൊലീസ് ഭരത്ചന്ദ്രന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഒരുമിച്ചെത്തുന്നതായിരുന്നു ചിത്രത്തിന്റെ പ്രത്യേകത.
മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ക്ക് പുറമെ സംവൃതാ സുനില്‍, സായ്കുമാര്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, ഗണേഷ് കുമാര്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രം തീപാറുന്ന ഡയലോഗുകള്‍ കൊണ്ട് സമ്പന്നമാണ്. എന്നാല്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പഞ്ച് സിനിമയ്ക്കില്ലാതെ പോയതും തിരക്കഥയിലെ പാളിച്ചകളും കിങ് ആന്റ് കമ്മീഷണറിന് വിനയായെന്ന് വേണം കരുതാന്‍.
കോമഡി ചിത്രങ്ങളിലൂടെ ഹിറ്റുകളൊരുക്കിയ ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ് തരക്കേടില്ലാത്ത സിനിമയെന്ന അഭിപ്രായം നേടിയെങ്കിലും ഒരു സൂപ്പര്‍ഹിറ്റെന്ന പൃഥ്വിരാജിന്റെ മോഹം മാസ്റ്റേഴ്‌സിലൂടെ നടക്കില്ലെന്ന് ഏതാണ്ടുറപ്പായി കഴിഞ്ഞു.
നവാഗത നായ ജിനു ഏബ്രഹാം തിരക്കഥയൊരുക്കിയ മാസ്റ്റേഴ്‌സ് പതിവ് ജോണി ആന്റണി സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. കോളജ്കാലത്തെ രണ്ട് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ഈ സിനിമയില്‍ പൃഥ്വി രാജിനൊപ്പം തമിഴ് നടനും സംവിധായകനുമായ ശശികുമാര്‍ മുഖ്യവേഷത്തിലുണ്ട്. ചെറിയ ചെറിയ വേഷങ്ങളിലായി അനന്യ, പിയാ ബാജാപൈ, മുകേഷ്, സിദ്ദീഖ്, സലീം കുമാര്‍, സുരേഖ, ബിജുമേനോന്‍, ജഗതി ശ്രീകുമാര്‍ എന്നിങ്ങനെ വന്‍താരനിര സിനിമയിലുണ്ട്.
പ്രതീക്ഷകള്‍ കാത്തുസൂക്ഷിച്ചില്ലെങ്കിലും മാസ്റ്റേഴ്‌സും കിങ് ആന്റ് കമ്മീഷണറും വിഷുക്കാലത്ത് തിയറ്ററുകളില്‍ ഉണ്ടാകുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
അടുത്ത പേജില്‍


Click it and Unblock the Notifications