മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും നേര്‍ക്കുനേര്‍ മത്സരത്തില്‍! മോഹന്‍ലാലും ഫഹദും ക്രിസ്തുമസിനില്ല
നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടി മലയാള സിനിമ ഇന്‍ഡസ്ട്രി അഭിമാനമായി കൊണ്ടിരിക്കുകയാണ്. വിഷുവിനെത്തിയ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളായിരുന്നു റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്. ഓണം ലക്ഷ്യമാക്കി എത്തിയ സിനിമകള്‍ പ്രതീക്ഷിച്ചത് പോലെ വലിയ തരംഗമുണ്ടാക്കിയില്ലെങ്കിലും ക്രിസ്തുമസ് റിലീസിലാണ് ഇനി സിനിമാപ്രേമികളുടെ പ്രതീക്ഷ മുഴുവന്‍.
ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടന്ന് കൊണ്ടിരിക്കുന്ന നിരവധി സിനിമകളാണ് ക്രിസ്തുമസിന് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗികമായ പ്രഖ്യാപനം ഇനിയും വന്നിട്ടില്ലെങ്കിലും .വരാനിരിക്കുന്ന സിനിമകളുടെ ഏകദേശ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ വലിയൊരു താരപോരാട്ടത്തിന് തന്നെയാവും കേരളക്കര സാക്ഷിയാവാന്‍ പോവുന്നത്.

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം നവംബര്‍ അവസാനത്തോടെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. അതേ സമയം മാമാങ്കം റിലീസ് ഡിസംബറിലേക്ക് മാറ്റിയതായിട്ടും ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാവുന്ന ഷൈലോക്ക് ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തും. മാസ്റ്റര്‍പീസിന് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന മാസ് ചിത്രമാണ് ഷൈലോക്ക്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തമിഴ് നടന്‍ രാജ് കിരണ്‍ ആണ് നായകനാവുന്നത്. മീന, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ബിബിന്‍ ജോര്‍ജ്. സിദ്ദിഖ് എന്നിവരാണ് മറ്റ് താരങ്ങള്‍.

നവംബര്‍ പതിനാലിന് ദിലീപിന്റെ ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന സിനിമ റിലീസിനെത്തുകയാണ്. പിന്നാലെ ഡിസംബറില്‍ മൈ സാന്റ എന്ന സിനിമ കൂടി എത്തും. സുഗിത് സംവിധാനം ചെയ്ത് ദിലീപ നായകനാകുന്ന ചിത്രമാണിത്. ഓര്‍ഡിനറി, മധുരനാരങ്ങ, ശിക്കാരിശംഭു, കിനാവള്ളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുഗീത് സംവിധാനം ചെയുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും മൈ സാന്റയ്ക്കുണ്ട്. തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങളുടെ തിരക്കഥകൃത്തായ നിഷാദ് കോയ ആദ്യമായി പ്രൊഡ്യൂസ് ചെയുന്ന ചിത്രവും മൈ സാന്റയാണ്. ജെമിന്‍ സിറിയക്കാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

മമ്മൂട്ടി, ദിലീപ് ചിത്രങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് നായകനാവുന്ന സിനിമയും ഇക്കൊല്ലത്തെ ക്രിസ്തുമസ് റിലീസ് ആയിട്ടെത്തും. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഡ്രെവിംഗ് ലൈസന്‍സ് ആണ് ഡിസംബറില്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന പൃഥ്വിരാജ് ചിത്രം. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സില്‍ മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍. ഒരു കംപ്ലീറ്റ് എന്റര്‍ടെയിനര്‍ ചിത്രമാണെന്ന് സൂചിപ്പിച്ച് കൊണ്ടെത്തുന്ന ചിത്രത്തിന് സച്ചിയാണ് തിരക്കഥ ഒരുക്കുന്നത്. സുശിന്‍ ശ്യാം സംഗീതം പകരും.

ഷെയിന്‍ നിഗം നായകനായിട്ടെത്തുന്ന വലിയ പെരുന്നാള്‍ എന്ന ചിത്രമാണ് ഇതേ ദിവസങ്ങളില്‍ റിലീസ് ചെയ്യുന്ന മറ്റൊരു സിനിമ. മൗണ്ടന്‍ മാജിക് സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും അണിനിരക്കുന്നുണ്ട്. സംഗീതത്തിന് പ്രധാന്യമുള്ള ചിത്രത്തിലെ പാട്ടുകള്‍ക്ക് റെക്‌സ് വിജയനാണ് ഈണം പകരുന്നത്. ഡെന്നീസ് സംവിധാനം ചെയ്യുമ്പോള്‍ മോനീഷ രാജീവാണ് നിര്‍മാണം.

മോഹന്‍ലാല്‍ ചിത്രവും ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഉണ്ടാവില്ലെന്നാണ് അറിയുന്നത്. മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ റിലീസ് ആണ് നേരത്തെ മുതല്‍ പ്രഖ്യാപിച്ചിരുന്നത്. അത് പോലെ തന്നെ ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സും ഇതേ സീസണില്‍ എത്തുമെന്ന് വിചാരിച്ചിരുന്നെങ്കിലും റിലീസ് മാറ്റിയിരിക്കുകയാണ്. ഇരു സിനിമകളുടെയും പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തതാണ് റിലീസ് വൈകാന്‍ കാരണമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











