ദിലീപിന് പറയാനുളളത് ഇതാണ്....
നടന്‍ ദിലീപും സംവിധായകന്‍ തുളസീദാസും തമ്മിലുളള തര്‍ക്കത്തിന് പുതിയ വഴിത്തിരിവ്. തുളസീദാസിന് താന്‍ നല്‍കിയ ഡേറ്റിലാണ് സംവിധായകന്‍ കോളജ് കുമാരന്‍ എന്ന സിനിമ സംവിധാനം ചെയ്തതെന്നും തന്റെ ഡേറ്റ് ഉപയോഗശൂന്യമായതിന് നഷ്ടപരിഹാരം വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
ഉളളാട്ടില്‍ ഫിലിംസിന് വേണ്ടി കുട്ടനാടന്‍ എക്സ്പ്രസ് എന്ന സിനിമയ്ക്കു വേണ്ടി അഡ്വാന്‍സ് കൈപ്പറ്റി ദിലീപ് തന്നെ ചതിച്ചുവെന്ന സംവിധായകന്‍ തുളസീദാസിന്റെ പരാതിയിന്മേല്‍ മാക്ട ദിലീപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദിലീപിന്റെ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ സിനിമാ നിര്‍മ്മാണം സ്തംഭിപ്പിക്കുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭീഷണി നിലനില്‍ക്കെയാണ് തര്‍ക്കത്തിന് പുതിയ മാനം നല്‍കിയ നീക്കം ദിലീപ് നടത്തിയത്.
സംവിധായകന് താന്‍ നല്‍കിയ ഡേറ്റിലാണ് അദ്ദേഹം മോഹന്‍ലാല്‍ ചിത്രമായ കോളെജ് കുമാരന്‍ ചിത്രീകരിച്ചതെന്ന് ദിലീപ് ആരോപിക്കുന്നു. പ്രസ്തുത ഡേറ്റുകളില്‍ താന്‍ പണിയില്ലാതെ വീട്ടിലിരിക്കുകയായിരുന്നുവെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നുമാണ് ദിലീപിന്റെ വാദം.
തനിക്ക് അഡ്വാന്‍സ് തന്നത് ഉളളാട്ടില്‍ ഫിലിംസാണെന്നും അവരുടെ ഏത് ചിത്രത്തിലും താന്‍ അഭിനയിക്കുമെന്നും ദിലീപ് വ്യക്തമാക്കുന്നു. എന്നാല്‍ തുളസീദാസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശ്നമില്ല. മറ്റൊരു സംവിധായകന്റെ കീഴില്‍ ഉളളാട്ടില്‍ ഫിലിംസിന് വേണ്ടി അഭിനയിക്കാന്‍ തയ്യാറാണെന്നാണ് ദിലീപിന്റെ നിലപാട്.
ഈ പ്രശ്നത്തില്‍ തങ്ങള്‍ പൂര്‍ണമായും ദിലീപിനും ഉളളാട്ടില്‍ ഫിലിംസിനും ഒപ്പമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. ദിലീപിനും ഉളളാട്ടില്‍ ഫിലിംസിനും വിലക്ക് ഏര്‍പ്പെടുത്തി മലയാള സിനിമ മുന്നോട്ടു പോകില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്.
താരസംഘടനയായ അമ്മയുടെ പിന്തുണ ഇക്കാര്യത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അമ്മയുടെ ഭാരവാഹികള്‍ പ്രതികരിച്ചിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications