»   » നടി ഭാവന പടമായിട്ട് 31 ദിനം

നടി ഭാവന പടമായിട്ട് 31 ദിനം

Posted By:
Subscribe to Filmibeat Malayalam
Fake News
മൂന്നാഴ്ച മമ്പ് നടി ഭാവന പരലോകം പൂകി !!!. വാര്‍ത്തയും പടവും കണ്ട് ചങ്കു കലങ്ങിയത് ലങ്കയിലെ തമിഴ് വംശജരുടേതാണ്. ഭാവനയ്ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചു കൊണ്ടുള്ള പത്രപരസ്യം അവരെ അങ്കലാപ്പിലാക്കുക തന്നെ ചെയ്തു. നടി ഭാവനയുടെ ചിത്രം ഉള്‍ക്കൊള്ളിച്ചുള്ള പത്രപരസ്യത്തില്‍ ചിത്രത്തിലെ വ്യക്തി മരണമടഞ്ഞിട്ട് മുപ്പത്തിയൊന്ന് ദിവസങ്ങളായെന്നും വ്യക്തമാക്കിയിരുന്നു.

ഇനി സംഭവം എന്തെന്നല്ലേ, നടി ഭാവനയുടെ പടം വെച്ച് ഒരു ലങ്കന്‍ തമിഴ് പൊണ്ണ് കളിച്ചകളിയുടെ ക്ലൈമാക്‌സായിരുന്നു ഈ മരണവാര്‍ത്ത. ലണ്ടന്‍ പ്രവാസിയായ ലങ്കന്‍ തമിഴ് യുവാവുമായി നെറ്റിലൂടെ പരിചയപ്പെട്ട ലങ്കയിലെ യാഴ്ചപ്പാണം സ്വദേശിനിയായ യുവതി താനും ഭാവനയും ഇരട്ടപ്പെറ്റ പോലുള്ള രൂപസാദൃശ്യമാണെന്ന് യുവാവിനെ പറഞ്ഞു ബോധിപ്പിച്ചിരുന്നു.

ഒറിജിനല്‍ ഭാവനയെ കിട്ടിയില്ലെങ്കിലും ഡ്യൂപ്ലിക്കേറ്റിനെയെങ്കിലും സ്വന്തമാക്കാമെന്ന മോഹത്തില്‍ ലണ്ടന്‍ കാമുകന്‍ നെറ്റിലൂടെ പൊരിഞ്ഞ പ്രണയം തന്നെ നടത്തിയത്രേ. ലണ്ടനിലെ ഈ മണ്ടന്‍ പൗണ്ട് രൂപത്തില്‍ കാമുകിയ്ക്ക് സമ്മാനങ്ങളും അയച്ചുകൊടുത്തിരുന്നു.

ഒടുക്കം ലൗ മൂത്ത ലണ്ടന്‍കാരന് കാമുകിയെ കാണാതെ ഇരിക്കപ്പൊറുതിയില്ലെന്നായി. താന്‍ ഇന്ന ദിവസം ഇന്ന വിമാനത്തില്‍ ലങ്കയില്‍ ലാന്റ് ചെയ്യുമെന്ന് കാമുകന്‍ മെസേജ് ചെയ്തതോടെ ഡ്യൂപ്ലിക്കേറ്റ് ഭാവന നക്ഷത്രമെണ്ണി. ലണ്ടന്‍കാരന്‍ വന്നാല്‍ കള്ളി പൊളിയുമെന്ന കണ്ട കാമുകി കൂട്ടുകാരുടെ സഹായം തേടി. ഇവര്‍ തലപുകച്ച് ഒരു ഐഡിയയും കണ്ടെത്തി.

യാഴ്ചപ്പാണത്തു നിന്നും പ്രസിദ്ധീകരിയ്ക്കുന്ന തമിഴ് ദിനപ്പത്രമായ ഉദയനില്‍ പ്രസിദ്ധീകരിച്ച സിന്ധു മാലിനിയെന്ന യുവതിയുടെ സ്മരണാഞ്ജലിയില്‍ ഭാവനയുടെ ചിത്രം സമര്‍ത്ഥമായി എഡിറ്റ് ചെയ്ത് ഇന്റര്‍നെറ്റ് സൈറ്റുകളില്‍ കൊടുക്കുകയായിരുന്നു. ഇതുകണ്ട ലണ്ടന്‍ കാമുകന്റെ ചങ്ക് തകര്‍ന്നുപോയെന്നും കേള്‍ക്കുന്നു.

തന്റെ ചരമ വാര്‍ത്ത ലങ്കന്‍ പത്രത്തില്‍ വന്നുവെന്ന വാര്‍ത്ത കേട്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും ലങ്കയില്‍പ്പോയി കേസ് നടത്താനൊന്നും ഭാവനയ്ക്ക് പരിപാടിയില്ല. തന്റെ മരണവാര്‍ത്ത താന്‍ തന്നെ കേള്‍ക്കുന്നത് ശുഭസൂചകമാണെന്നും എന്തോ നല്ലത് വരുന്നതിന്റെ സൂചനയാണിതെന്നുമാണ് ഭാവന കരുതുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam